യു.എ.ഇ പൗരൻമാരായ സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ഒരു വർഷത്തെ അവധി
സർക്കാർ ജോലി നഷ്ടപ്പെടുത്താതെ തന്നെ ഇമാറാത്തികൾക്ക് ബിസിനസ് ചെയ്യാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം.

അബുദാബി: യു.എ.ഇ പൗരൻമാരായ സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ഒരു വർഷത്തെ അവധി അനുവദിക്കാൻ സർക്കാർ തീരുമാനം. ജനുവരി രണ്ട്മുതൽ ഇതുനടപ്പിൽ വരുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ജോലി നഷ്ടപ്പെടുത്താതെ തന്നെ ഇമാറാത്തികൾക്ക് ബിസിനസ് ചെയ്യാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം.
യു.എ.ഇയുടെ 'പ്രോജക്ട്ഓഫ്ദ 50'യുടെ ഭാഗമായാണ് നടപടി. അവധിയെടുക്കുന്ന കാലത്ത് ശമ്പളത്തിന്‍റെ പകുതി ലഭിക്കും. ജീവനക്കാരൻ ജോലി ചെയ്യുന്ന ഫെഡറൽ അതോറിറ്റിയുടെ മേധാവിയാണ് അവധി അനുവദിക്കേണ്ടത്. അവധിക്ക് ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം. യു.എ.ഇയുടെ പുതുസാധ്യതകളെ പ്രയോജനപ്പെടുത്താൻ സർക്കാർ ജീവനക്കാരെയും പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്.
യു.എ.ഇ നേതൃത്വത്തിന്‍റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ്ഹ്യൂമൻ അതോറിറ്റി ആക്ടിങ്ഡയറക്ടർ ജനറൽ ലൈല ഉബൈദ് അൽ സുവൈദി പറഞ്ഞു. അവധിക്കായുള്ള മാനദണ്ഡങ്ങൾ തയാറാക്കി വരികയാണ്. സാമ്പത്തിക കാര്യ മന്ത്രാലയം, മാനവ വിഭവ മന്ത്രാലയം, ഫെഡറൽ അതോറിറ്റി എന്നിവയുമായി ചേർന്ന് വിശദമായ മാർഗ നിർദേശങ്ങൾ തയാറാക്കും. വ്യവസായം തുടങ്ങാൻ അവധി എടുക്കുന്നവരുടെ സാധ്യതകൾ വികസിപ്പിക്കാനും സംരംഭക മേഖലയിൽ അവരെ പിന്തുണക്കാനും യു.എ.ഇ ഗവൺമെന്റ്ആവശ്യമായ സഹായം ഉറപ്പാക്കും.
Adjust Story Font
16

