Quantcast

എണ്ണവിലയിടിവ്​: ഉൽപാദനം കുറക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ ഒപെക്​ നിർദേശം

ആവശ്യകത കുറഞ്ഞതും അമേരിക്കൻ ഡോളർ കരുത്താർജിച്ചതുമാണ്​ എണ്ണവിപണിക്ക്​ പുതിയ തിരിച്ചടിയായത്

MediaOne Logo

Web Desk

  • Updated:

    2023-12-07 19:29:52.0

Published:

7 Dec 2023 6:14 PM GMT

എണ്ണവിലയിടിവ്​: ഉൽപാദനം കുറക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ ഒപെക്​ നിർദേശം
X

ദുബൈ: ആഗോള വിപണിയിൽ എണ്ണവില കുറയുന്ന പ്രവണതക്കിടയിൽ ഉൽപാദനം കുറക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ അംഗരാജ്യങ്ങൾക്ക്​ ഒപെക്​ നിർദേശം. ആവശ്യകത കുറഞ്ഞതും അമേരിക്കൻ ഡോളർ കരുത്താർജിച്ചതുമാണ്​ എണ്ണവിപണിക്ക്​ പുതിയ തിരിച്ചടിയായി മാറിയത്. ഗൾഫ്​ രാജ്യങ്ങളിൽ റഷ്യൻ പ്രസിഡൻറ്​ പുടിൻ നടത്തിയ സന്ദർശനത്തിലും എണ്ണവിപണിയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ പ്രധാന ചർച്ചയായി.

ഇടക്കാലത്ത്​ എണ്ണവില കുത്തനെ ഉയർന്നത്​ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക്​ അപ്രതീക്ഷിത വരുമാനനേട്ടം ഉറപ്പാക്കാൻ സഹായിച്ചിരുന്നു. എന്നാൽ, പിന്നിട്ട ദിവസങ്ങളിൽ വില കുത്തനെ ഇടിഞ്ഞത്​ ഉൽപാദക രാജ്യങ്ങൾക്ക്​ കൂടുതൽ ആശങ്കയേറ്റി. ബാരലിന്​ 74 ഡോളറിലേക്കാണ്​ എണ്ണവില ഇടിഞ്ഞത്​. വിലയിടിവ്​ മറികടക്കാൻ അത്ര എളുപ്പമായിരിക്കില്ലെന്നാണ്​ വിലയിരുത്തൽ. മേഖലയിലെ രാഷ്​ട്രീയ, സൈനിക സംഘർഷങ്ങളും വിവിധ രാജ്യങ്ങളിലെ വളർച്ചാ മുരടിപ്പും എണ്ണവിപണിക്ക്​ തിരിച്ചടിയാണ്​. ചൈനയുടെ വളർച്ചാ നിരക്ക്​ പുതുക്കി നിശ്​ചയിച്ച സാമ്പത്തിക ഏജൻസികളുടെ നടപടിയും ആവശ്യകത കുറക്കും.

മെയ്​ മാസത്തിനിപ്പുറം ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ്​ എണ്ണവില കൂപ്പുകുത്തിയത്​. ഒപെകിനൊപ്പം ചേർന്ന്​ പ്രതിദിന എണ്ണ ഉൽപാദനത്തിൽ ഗണ്യമായ കുറവ്​ വരുത്താൻ റഷ്യ ഉൾപ്പെടെ ഒപെക്​ ഇതര രാജ്യങ്ങളും തയാറായിരുന്നു. ലോക സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത്​ ഉൽപാദനം കുറക്കുന്ന നടപടി അംഗരാജ്യങ്ങൾ കർശനമായി നടപ്പാക്കും എന്ന പ്രതീക്ഷയിലാണ്​ ഒപെക്​ നേതൃതം.

അടുത്ത വർഷം ആദ്യപാദത്തിൽ പ്രതിദിനം 2.2 ദശലക്ഷം ബാരൽ ഉൽപാദനം കുറക്കാനാണ്​ ഒപെക്​ നിർദേശം. എണ്ണവില ഇടിയുന്ന പ്രവണത തിരുത്തുന്നതു സംബന്ധിച്ച്​ യു.എ.ഇ, സൗദി എന്നീ രാജ്യങ്ങളിലെ ​േനതാക്കളുമായി റഷ്യൻ പ്രസിഡൻറ്​ പുടിൻ വിശദമായ ചർച്ച നടത്തിയെന്നാണ്​ റിപ്പോർട്ട്​. ഈ മാസം ചേരുന്ന ഒപെക്​ നേതൃയോഗം സ്​ഥിതിഗതികൾ വിലയിരുത്തുമെന്ന്​ ബന്​ധ​പ്പെട്ടവർ അറിയിച്ചു.

Summary: OPEC has instructed the member countries to strictly implement the decision to cut production amid the trend of falling oil prices in the global market

TAGS :

Next Story