ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ തുറന്നു
ദുബൈ സയൻസ് പാർക്കിലാണ് കൺട്രോൾ സെന്റർ ആരംഭിച്ചത്

ദുബൈ: ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ തുറന്നു. അപ്പോളെ ഗോ പാർക്ക് എന്ന പേരിൽ ദുബൈ സയൻസ് പാർക്കിലാണ് കൺട്രോൾ സെന്റർ പ്രവർത്തനമാരംഭിച്ചത്. ചൈനയിലെ ബൈദുസ് ഇന്റലിജന്റ് ഡ്രൈവിങ് ഗ്രൂപ്പും ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ചേർന്നാണ് ദുബൈ അപ്പോളോ ഗോ പാർക്കിന് തുടക്കം കുറിച്ചത്.
ചൈനക്ക് പുറത്ത് ബൈദു ഗ്രൂപ്പ് ആരംഭിക്കുന്ന ആദ്യ ഓട്ടോണമസ് വെഹിക്കിൾ കൺട്രോൾ സെന്റററാണിത്. ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ, ബൈദു ഗ്രൂപ്പ് കോർപറേറ്റ് വൈസ് പ്രസിഡന്റ് യുങ് പെങ് വാങ് എന്നിവർ ചേർന്ന് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. രണ്ടായിരം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഈ നിയന്ത്രണ കേന്ദ്രത്തിൽ നൂറിലധികം ജീവനക്കാരുണ്ടാകും.
അപ്പോളോ ഗോ ഡ്രൈവറില്ലാ വാഹനങ്ങളുടെ ഫ്ലീറ്റ് ഓപ്പറേഷൻ, അറ്റകുറ്റപണികൾ, ചാർജിങ്, സോഫ്റ്റ് വെയർ അപ്ഡേഷൻ, സുരക്ഷാ പരിശോധന എന്നിവയെല്ലാം ഈ കേന്ദ്രത്തിൽ നിന്നായിരിക്കും. ഡ്രൈവിങ് സീറ്റിൽ സുരക്ഷക്കായി ഡ്രൈവറില്ലാതെ തന്നെ സ്വയം നിയന്ത്രിത വാഹനങ്ങൾ ദുബൈയിലെ പൊതുറോഡിൽ പരീക്ഷിക്കാനാണ് ആർ.ടി.എ. ബൈദു കമ്പനിക്ക് അനുമതി നൽകിയിരിക്കുന്നത്.
ആയിരം അപ്പോളോ ഗോ സ്വയം നിയന്ത്രിത വാഹനങ്ങൾ ദുബൈ റോഡുകളിൽ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷം ജൂലൈയിലാണ് വാഹനങ്ങളുടെ പരീക്ഷണത്തിന് കമ്പനിക്ക് അനുമതി ലഭിച്ചത്. ഈവർഷം ആദ്യപാദത്തിൽ അപ്പോളോ ഗോയുടെ ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനം ദുബൈ നഗരത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
Adjust Story Font
16

