68 ലക്ഷത്തിലധികം അതിഥികൾ!; കഴിഞ്ഞവർഷം ശൈഖ് സായിദ് മസ്ജിദിലെത്തിയ സന്ദർശകരിൽ 4% വർധന
ആകെ സന്ദർശകരിൽ 20%-ത്തോടെ ഇന്ത്യ ഒന്നാമത്

അബൂദബി: കഴിഞ്ഞവർഷം അബൂദബി ശൈഖ് സായിദ് ഗ്രാന്റ് മോസ്കിൽ എത്തിയത് റെക്കോർഡ് സന്ദർശകർ. 68,46,723 പേരെയാണ് മസ്ജിദ് സ്വീകരിച്ചത്. 2024-നെ അപേക്ഷിച്ച് 4 ശതമാനം വർധനവാണിത്. ഇതിൽ 15 ലക്ഷത്തിലധികം പേർ ആരാധനയ്ക്കെത്തിയവരാണ്. 3 ലക്ഷത്തോളം പേർ ജുമുഅ നമസ്കാരത്തിനായും 7 ലക്ഷത്തോളം പേർ ദൈനംദിന ആരാധനാ കർമങ്ങൾക്കായുമാണ് എത്തിയത്. കൂടാതെ, റമദാനലും രണ്ട് പെരുന്നാൾ ദിനങ്ങളിലുമായി 6 ലക്ഷത്തോളം പേരും ആരാധനയ്ക്കെത്തി.
ആകെ സന്ദർശകരിൽ 82%വും യുഎഇക്ക് പുറത്തു നിന്നുള്ളവരാണ്. ഇതിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് ഇന്ത്യയിൽ നിന്നാണെന്ന് ഗ്രാന്റ് മോസ്ക് സെന്റർ വ്യക്തമാക്കി. ആകെ സന്ദർശകരിൽ 20%വും ഇന്ത്യക്കാരാണ്. ചൈന 9%, റഷ്യ-യു.എസ് 8% എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനത്ത് ഇടം പിടിച്ചപ്പോൾ ജർമനി, യു.കെ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ 3%ത്തോടെ നാലാം സ്ഥാനത്താണ്. 2% വീതം ഫിലിപ്പീൻസും പാകിസ്താനും തൊട്ടു പിറകിലുമുണ്ട്. ഭൂഖണ്ഡാടിസ്ഥാനത്തിൽ 49%ത്തോടെ ഏഷ്യ ഒന്നാം സ്ഥാനം, 33%ത്തോടെ യൂറോപ്പ് രണ്ടാം സ്ഥാനം, വടക്കേ അമേരിക്ക 11%വുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആഫ്രിക്കയും ദക്ഷിണ അമേരിക്കയും 3 ശതമാനം വീതം നാലാം സ്ഥാനവും 1%വുമായി ആസ്ട്രേലിയ അഞ്ചാം സ്ഥാനത്തുമാണ്.
സാംസ്കാരിക ടൂറുകളിൽ 4,031 എണ്ണത്തിലായി 55,730 പേർ പങ്കെടുത്തു. ഔദ്യോഗിക സന്ദർശനത്തിനെത്തിയ 21,988 പേരെയും സ്വീകരിച്ചു. കൂടാതെ 335 ഉന്നതതല അംഗങ്ങളും മസ്ജിദ് സന്ദർശിച്ചു. ഇതിൽ 9 രാഷ്ട്രതലവന്മാർ, 2 ഉപരാഷ്ട്രപതിമാർ, 4 സംസ്ഥാന ഗവർണർമാർ, 1 ഉപഗവർണർ, 8 രാജകുമാരന്മാർ, 12 പ്രധാനമന്ത്രിമാർ, 2 ഉപപ്രധാനമന്ത്രിമാർ, 6 പാർലമെന്റ് സ്പീക്കറുമാർ, 78 മന്ത്രിമാർ തുടങ്ങിയവർ ഉൾപ്പെടുന്നു.
Adjust Story Font
16

