യുഎഇയിലെ 12 കേന്ദ്രങ്ങളിൽ പാസ്‌പോർട്ട് സേവ ക്യാമ്പ് ഒരുക്കുന്നു
അടിയന്തര ആവശ്യങ്ങൾക്കായി പാസ്‌പോർട്ട് പുതുക്കേണ്ടവർക്ക് പ്രത്യേകം അപ്പോയിന്റമെന്റ് ഇല്ലാതെ തന്നെ ക്യാമ്പിൽ അപേക്ഷകൾ സമർപ്പിക്കാം.

യുഎഇയിലെ 12 കേന്ദ്രങ്ങളിൽ പാസ്‌പോർട്ട് സേവ ക്യാമ്പ് ഒരുക്കുന്നു. അടിയന്തിരമായ പാസ്‌പോർട്ട് പുതുക്കേണ്ടവർക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താം. ഈമാസം 26 ന് ഞാറാഴ്ചയാണ് ക്യാമ്പെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ 12 ബി.എൽ.എസ് കേന്ദ്രങ്ങളിൽ ഈമാസം 26 ന് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയാണ് പാസ്‌പോർട്ട് സേവ ക്യാമ്പ് ഒരുക്കുന്നത്.
അടിയന്തര ആവശ്യങ്ങൾക്കായി പാസ്‌പോർട്ട് പുതുക്കേണ്ടവർക്ക് പ്രത്യേകം അപ്പോയിന്റമെന്റ് ഇല്ലാതെ തന്നെ ക്യാമ്പിൽ അപേക്ഷകൾ സമർപ്പിക്കാം. മറ്റുള്ളവർ മുൻകൂർ അപ്പോയിന്റ്‌മെന്റ് എടുക്കണം. തൽകാൽ പാസ്‌പോർട്ട് അപേക്ഷകർ, ചികിൽസ, മരണം തുടങ്ങിയ സാഹചര്യങ്ങളിൽ പാസ്‌പോർട്ട് പുതുക്കേണ്ടവർ, നവജാത ശിശുവിനുള്ള പാസ്‌പോർട്ട്, മുതിർന്ന പൗരൻമാരുടെ പാസ്‌പോർട്ട്, ഔട്ട്പാസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ക്യാമ്പിൽ രേഖകളുമായി നേരിട്ട് എത്തി അപേക്ഷ നൽകാം.
ദുബൈയിൽ അൽഖലീജ് സെന്റർ, ദേര സിറ്റി സെന്റർ, ബുർദുബൈ പ്രീമിയം ലോഞ്ച് സെന്റർ, ബനിയാസിലെ കെ എം സി സി സെന്റർ, ഷാർജയിൽ എച്ച് എസ് ബി സി ബാങ്ക് സെന്റർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഖൊർഫുക്കാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്, അജ്മാനിലെ ഇന്ത്യൻ അസോസിയേഷൻ, ഉമ്മുൽഖുവൈൻ ദുബൈ ഇസ്ലാമിക് ബാങ്ക് കെട്ടിടത്തിലെ കേന്ദ്രം, റാസൽഖൈമയിലെ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ സെന്റററിന് പിന്നിൽ, റാസൽഖൈമ ഇന്ത്യൻ സ്‌കൂളിന് സമീപത്തെ ഇന്ത്യൻ റിലീഫ് കമ്മിറ്റി, ഫുജൈറിയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് എന്നിവിടങ്ങളിലാണ് പാസ്‌പോർട്ട് സേവ ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുള്ളത്.
Adjust Story Font
16

