Quantcast

മയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞവര്‍ഷം യു.എ.ഇയില്‍ പിടിയിലായത് 8,000ത്തിലധികമാളുകള്‍

MediaOne Logo

Web Desk

  • Published:

    27 Jun 2022 1:19 PM IST

മയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞവര്‍ഷം   യു.എ.ഇയില്‍ പിടിയിലായത് 8,000ത്തിലധികമാളുകള്‍
X

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരില്‍ 2021ല്‍ മാത്രം യു.എ.ഇയില്‍ 8,428 പേര്‍ പിടിയിലായി. 2020ലെ കണക്കില്‍നിന്ന് 20.8 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2020ല്‍ ഈ കുറ്റകൃത്യങ്ങളില്‍ 6,973 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

2021ല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട 5,677 റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്തപ്പോള്‍ 2020ല്‍ 4,810 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജനങ്ങളുടെ ആരോഗ്യത്തിനും, സാമൂഹിക-സാമ്പത്തിക സുരക്ഷയ്ക്കും മയക്കുമരുന്ന് വലിയ ഭീഷണിയാണെന്നും രാജ്യത്തിന്റെ ഭാവിയെ തന്നെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ വലിയ ശ്രമങ്ങള്‍ ആവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടത്.

ലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ വെല്ലുവിളികളിലൊന്നാണ് മയക്കുമരുന്ന് കടത്തെന്നും ദുബൈയിലെ പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫും നാഷണല്‍ ആന്റി നാര്‍ക്കോട്ടിക് കൗണ്‍സില്‍ ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ ധാഹി ഖല്‍ഫാന്‍ തമീം എടുത്തുപറഞ്ഞു.

എല്ലാവരുടെയും യോജിച്ച പരിശ്രമത്തിലൂടെ ഇത്തരം മയക്കുമരുന്ന് പ്രവണതയെ ചെറുക്കാന്‍ കഴിയും. മയക്കുമരുന്ന് വ്യാപാരികളെയും കള്ളകടത്തുകാരെയും തടയാന്‍ ഇത്തരം ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ചുനില്‍ക്കുന്ന മന്ത്രാലയങ്ങളെയും മുഴുവന്‍ ഏജന്‍സികളെയും സര്‍ക്കാര്‍ വകുപ്പുകളെയും അദ്ദേഹം പ്രശംസിച്ചു.

TAGS :

Next Story