Quantcast

റമദാനിൽ ഭിക്ഷ നൽകി യാചകരെ പ്രോത്സാഹിപ്പിക്കുന്നവർ ജാഗ്രതൈ !

MediaOne Logo

Web Desk

  • Published:

    20 March 2023 12:48 PM GMT

police warns against encouraging beggars in Ramadan
X

യുഎഇയിൽ യാചനയും അവരെ പ്രോത്സാഹിപ്പിക്കുന്നതും വലിയ നിയമ ലംഘനമായാണ് കണക്കാക്കി വരുന്നത്. യാചകർക്ക് മാത്രമല്ല, അവരെ സഹായിക്കുന്നവർക്കും ശിക്ഷാനപടികൾ നേരിടേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.

2022 നവംബറിനും ഈ മാർച്ചിനുമിടയിൽ മാത്രം യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി ധാരാളം യാചകരെ പൊലീസ് പിടികൂടിയിട്ടുണ്ട്. വ്യക്തികളും സംഘങ്ങളുമെല്ലാം അനധികൃതമായി രാജ്യത്ത് താമസിച്ച് ഭിക്ഷാടനം നടത്തി വൻതുക സ്വരൂപിക്കുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

റമദാൻ മാസത്തിലെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഭിക്ഷാടനം ക്രമാതീതമായി ഉയരുന്നത് തടയാനാണ് അധികൃതർ ഇപ്പോൾ പ്രത്യേകം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഭിക്ഷാടകർക്ക് നേരിട്ട് സംഭാവനകൾ നൽകുന്നതിന് പകരം രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി മാത്രം സംഭാവന നൽകിയാൽ ആ തുക കൃത്യമായി ആവശ്യക്കാരിലേക്ക് എത്തുമെന്നാണ് അധികാരികൾ ഉറപ്പുനൽകുന്നത്.

രാജ്യത്തിന്റെ ഉയർന്ന സംസ്‌കാരവും ക്രമസമാധാനവും സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമാണ് സർക്കാർ ഇത്തരം നടപടികൾ മുന്നോട്ടു വയ്ക്കുന്നത്. വിശുദ്ധ റമദാൻ മാസത്തിലല്ലെങ്കിലും ഭിക്ഷാടനം രാജ്യത്ത് നിയമപരമായി ശിക്ഷാർഹമായ കുറ്റമാണെന്ന് പൊലീസ് പൊതുജനങ്ങളെ ആവർത്തിച്ച് ഓർമ്മിപ്പിക്കാറുണ്ട്.

ഭിക്ഷാടകരുമായി ഇടപഴകുന്നതും സംഭാവന നൽകുന്നതും അവർക്ക് കൂടുതൽ പ്രോത്സാഹനമാകുമെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥർ. രാജ്യത്തിന് പുറത്ത് നിന്നുള്ള സംഘടിത സംഘങ്ങളാണ് യാചകരിൽ ഭൂരിഭാഗവും. ഇവർ വിശുദ്ധ മാസത്തിൽ വിശ്വാസികളുടെ സന്മനസ്സിനെ ചൂഷണം ചെയ്യുകയാണെന്നാണ് ഇവർ പറയുന്നത്.

കഴിഞ്ഞ വർഷം റമദാനിൽ 382 യാചകരും 222 വഴിയോര കച്ചവടക്കാരും ഉൾപ്പെടെ 604 പേരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഭിക്ഷാടനവുമായി ബന്ധപ്പെട്ട് 2,235 റിപ്പോർട്ടുകളാണ് അന്ന് അതോറിറ്റിക്ക് ലഭിച്ചത്.

ദുബൈ നിവാസികൾ 901 എന്ന ദുബൈ പൊലീസിന്റെ കോൾ സെന്റർ നമ്പർ വഴിയോ അല്ലെങ്കിൽ 800243 /8004888 എന്നീ നമ്പരുകൾ വഴിയോ ആണ് ഇത്തരം യാചകരെ ശ്രദ്ധയിൽപെട്ടാൽ അറിയിക്കേണ്ടത്.

അതുമല്ലെങ്കിൽ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പിലോ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ ലഭ്യമാകുന്ന 'പോലീസ് ഐ' സേവനങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ചാനലുകൾ വഴി ഭിക്ഷാടനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്. അബൂദബിയിൽ 999 അല്ലെങ്കിൽ 8002626 എന്ന നമ്പരുകളിൽ വിളിച്ചറിയിക്കണം.

അല്ലെങ്കിൽ, aman@adpolice.gov.ae എന്ന വിലാസത്തിലേക്ക് മെയിൽ അയക്കണം. ഷാർജയിൽ 901 , 06-5632222 , 06-5631111 എന്ന നമ്പരുകളിലും റാസൽഖൈമയിൽ 07-2053372 എന്ന നമ്പരിലും റിപ്പോർട്ട് ചെയ്യണം. അജ്മാനിൽ 06-7034310, ഉമ്മുൽ ഖുവൈനിൽ 999, ഫുജൈറയിൽ 09-2051100, 09-2224411 എന്നീ നമ്പരുകളിലുമാണ് യാചകരെ ക്കുറിച്ച അറിയിക്കേണ്ടത്.

TAGS :

Next Story