ഖത്തർ-യുഎഇ സഹകരണം കൂടുതൽ മേഖലകളിലേക്ക്
ഉന്നതതല ചർച്ചകൾ വിജയകരം. ഇരുരാജ്യങ്ങള്‍ക്കിടയില്‍ കൂടുതൽ തൊഴിലവസരങ്ങൾക്ക് സാധ്യത

ഖത്തറുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ യുഎഇ. നീണ്ടകാലത്തെ അകല്‍ച്ച അവസാനിച്ചതോടെ വിവിധ തുറകളിൽ സഹകരണം ശക്തമാക്കാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായിരുന്നു. ഒക്ടോബറിൽ ദുബൈയിൽ ആരംഭിക്കുന്ന വേൾഡ് എക്സ്പോയും അടുത്ത വർഷം ദോഹയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളും വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും ഇരു രാജ്യങ്ങളും ഉറപ്പാക്കും.
കഴിഞ്ഞ വ്യാഴാഴ്ച യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘം ഖത്തറിലെത്തി അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ അഭിവാദ്യം കൂടിക്കാഴ്ചയിൽ സംഘം അമീറിന് കൈമാറി. ഇതിന്‍റെ തുടർച്ചയായാണ് ഇരുരാജ്യങ്ങളുടെയും ഭരണാധികാരികൾ ബഗ്ദാദിൽ കൂടിക്കാഴ്ച നടത്തിയത്. 2017 ജൂണിൽ ആരംഭിച്ച ഉപരോധം ഈ വർഷം ജനുവരിയിലാണ് അവസാനിച്ചത്.
ഖത്തർ ജനത തങ്ങളുടെ ബന്ധുക്കളാണ്. ദൈവം നമ്മുടെ ജനതയെ സംരക്ഷിക്കുകയും അവരുടെ സുരക്ഷിതത്വവും സ്ഥിരതയും അഭിവൃദ്ധിയും നിലനിർത്തുകയും ചെയ്യട്ടെയെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. എല്ലാ തുറകളിലും സഹകരണം വിപുലപ്പെടുത്താനുള്ള യുഎഇ-ഖത്തർ ധാരണ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാവും സൃഷ്ടിക്കുക.
Adjust Story Font
16

