Quantcast

'റാസൽഖൈമയിലെ ആ വലിയ വീട്' വിൽപനക്ക്

പതിറ്റാണ്ടുകളോളം ആളുകളെ ഭയത്തിന്റെ കൊടുമുടിയിലെത്തിച്ച അല്‍ ഖാസിമി പാലസ്

MediaOne Logo
റാസൽഖൈമയിലെ ആ വലിയ വീട് വിൽപനക്ക്
X

റാസൽഖൈമ: റാസല്‍ഖൈമയിലെ ആ വലിയ വീട്ടില്‍ ആ രാജകുമാരന്‍ ഒറ്റക്കായിരുന്നു. പ്രേമം സിനിമയിലെ ഷറഫുദ്ദീന്റെ ആ വൈറല്‍ ഡയലോഗ് മലയാളികള്‍ ആരും തന്നെ മറക്കാനിടയില്ല. സിനിമ ഇറങ്ങി പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആ വലിയ വീട് ഇന്ന് യു.എ.ഇയില്‍ വില്‍പനക്ക് വെച്ചിരിക്കുകയാണ്. നമ്മള്‍ സിനിമയില്‍ കേട്ടതുപോലെ വെറും ഒറ്റവരി ഡയലോഗില്‍ തീരുന്നതല്ല ആ വീടും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും. പതിറ്റാണ്ടുകളോളം ആളുകളെ നിഗൂഢതകളുടെയും ഭയത്തിന്റെയും കൊടുമുടിയിലെത്തിച്ച റാസല്‍ഖൈമയിലെ അല്‍ ഖാസിമി പാലസ്.

കൊട്ടാരത്തിന് പിന്നിലെ ചരിത്രം

1985ല്‍ റാസല്‍ഖൈമ ഭരണകുടുംബാംഗമായ അന്തരിച്ച ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ ഖാസിമിയാണ് കുന്നിന്‍മുകളില്‍ ഈ കൊട്ടാരം പണിയുന്നത്. കൗതുകമെന്ന് പറയട്ടെ, നാല്‍പത്തൊന്ന് വര്‍ഷം പിന്നട്ടിട്ടും അവിടെ ആരും തന്നെ ഇതുവരെ താമസിച്ചിട്ടുപോലുമില്ല. കുടുംബം കൊട്ടാരത്തില്‍ താമസിക്കാന്‍ എത്തിയെങ്കിലും വിചിത്രമായ ചില സംഭവങ്ങളെ തുടര്‍ന്ന് ഒരു രാത്രി മാത്രം കഴിഞ്ഞ് അവിടെ നിന്ന് മടങ്ങുകയായിരുന്നു. എന്നാല്‍ അങ്ങനെയല്ല, മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപത്തിലുള്ള ശില്‍പങ്ങളും കലാസൃഷ്ടികളും ഉള്ളിടത്ത് താമസിക്കേണ്ടെന്ന രാജകുടുംബത്തിലെ എതിര്‍പ്പാണ് മറ്റൊരു കാരണമായി പറയുന്നത്. എന്നാല്‍ പ്രദേശവാസികളും നാട്ടുകാരും കൊട്ടാരത്തിന്റെ പേരില്‍ പല കഥകളും അടിച്ചിറക്കി. രാത്രിയില്‍ വെളിച്ചം കണ്ടതായും പല ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും തുടങ്ങി നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കേള്‍ക്കാറുള്ള അതേ വര്‍ത്തമാനങ്ങള്‍. വൈകാതെ അല്‍ ഖാസിമി പാലസ് യു.എ.ഇയിലെ ഭാ?ര്‍?ഗവീ നിലയമായി മാറി.

പാലസിലെ മുന്‍ കാവല്‍ക്കാരന്‍ കൊട്ടാരത്തിനുള്ളില്‍ നിന്ന് കുട്ടികള്‍ ചിരിക്കുന്നതിന്റെയും കരയുന്നതിന്റെയും ശബ്ദങ്ങള്‍ കേട്ടതായി പറഞ്ഞു. മറ്റുചിലര്‍ കൊട്ടാരത്തിന്റെ ജനാലകള്‍ക്ക് പിന്നില്‍, കുട്ടികളുടെ മുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടതായും അവകാശപ്പെട്ടു. കൊട്ടാരത്തിനുള്ളിലെ ചിത്രങ്ങളിലെ കണ്ണുകള്‍ ജിന്നുകള്‍ മാന്തിപ്പൊളിച്ചുവെന്ന കഥകളും പ്രചരിച്ചു. ഈ അമാനുഷിക ശക്തികളെ ഒഴിപ്പിക്കാന്‍ മതപണ്ഡിതരെ പോലും കൊട്ടാരത്തിലേക്ക് വിളിച്ചിരുന്നുവെന്ന അവകാശവാദങ്ങളും പിന്നീട് ഉയര്‍ന്നു. എന്നാല്‍, പ്രാദേശികമായി പ്രചരിച്ച കഥകളെന്നതിനുപരി ഇതിനൊന്നും യാതൊരു തെളിവുമില്ല.

കൊട്ടാരത്തിന് എത്രയാണ് വില?

ഇപ്പോളിതാ കൊട്ടാരം വീണ്ടും വില്‍പനക്ക് വെച്ചിരിക്കുന്നു. 2.35 കോടി ദിര്‍ഹം അഥവാ വെറും 61 കോടി 29 ലക്ഷം രൂപ. ഇനി അത്ര എടുക്കാനില്ലെങ്കില്‍ ഫര്‍ണിച്ചറുകളില്ലാതെ 58 കോടി 68 ലക്ഷം രൂപക്കും വാങ്ങാം. ഇനി പ്രേതാലയമായി ആളുകള്‍ കാണുന്ന കുപ്രസിദ്ധമായ ഈ കൊട്ടാരം ആരെങ്കിലും വാങ്ങുമോ എന്ന ചിന്തയാണെങ്കില്‍ അതും വേണ്ട. പ്രേതബാധയുണ്ടെന്നുള്ള പേരുദോഷം നിക്ഷേപകരെ അകറ്റുന്നതിനു പകരം, കൂടുതല്‍ ആകര്‍ഷിക്കുകയാണ് ചെയ്തിരിക്കുന്നത്. യു.കെയിലും ഇന്ത്യയിലും ഗള്‍ഫിലുമുള്ള പ്രമുഖ നിക്ഷേപകര്‍ ഇതിനോടകം താല്‍പര്യവുമായി രം?ഗത്തെത്തിയിട്ടുമുണ്ട്.

35 കിടപ്പുമുറികള്‍, 50 കോടി ദിര്‍ഹം അഥവാ 1300 കോടി രൂപക്ക് മുകളില്‍ നിര്‍മാണച്ചെലവ്, 33,827 ചതുരശ്ര അടി വിസ്തൃതിയിലുള്ള കൂറ്റന്‍ സമുച്ചയം. ഇറാന്‍, മൊറോക്കോ, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് കൊട്ടാരത്തിന്റെ മൊസൈക്കുകള്‍ക്കും, പല വര്‍ണത്തിലുള്ള ടൈലുകള്‍ക്കും, ചുമര്‍ചിത്രങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്. ഫ്രാന്‍സില്‍ നിന്നും ബെല്‍ജിയത്തില്‍ നിന്നുമുള്ള ക്രിസ്റ്റല്‍ ചാന്‍ഡിലിയറുകളും, ഗസലുകളുടെയും പക്ഷികളുടെയും ചിത്രങ്ങളാല്‍ അലങ്കരിച്ച ചുവരുകളും. അങ്ങനെ എല്ലാം കൂടി ഒത്തുചേര്‍ന്നപ്പോള്‍ അല്‍ ഖാസിമി പാലസ് ഇന്റര്‍നാഷണല്‍ ലക്ഷൂരിയസ് ഐക്കണായി മാറി.

35 വർഷങ്ങൾക്ക് ശേഷം മ്യൂസിയമാക്കുന്നു

2019ലാണ് വലിയൊരു വഴിത്തിരിവുണ്ടാകുന്നത്. 35 വര്‍ഷം മനുഷ്യവാസമില്ലാത്ത കൊട്ടാരം വ്യവസായി താരിഖ് അഹ്‌മദ് അല്‍ ശര്‍ഹാന്‍ ഏറ്റെടുത്തു. ആറ് മാസത്തോളം നീണ്ടുനിന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ അദ്ദേഹം മ്യൂസിയമാക്കി മാറ്റി. 'അല്‍ ഖസര്‍ അല്‍ ഘാമിദ്', അഥവാ 'ആശയക്കുഴപ്പങ്ങളുടെ കൊട്ടാരം' എന്ന പേരും നല്‍കി. കൊട്ടാരത്തിലെ പഴയ ടൈലുകളും ചിത്രങ്ങളും ഫര്‍ണിച്ചറുകളും ശില്‍പങ്ങളും പുനഃസ്ഥാപിച്ചു. സന്ദര്‍ശകര്‍ക്ക് 75 ദിര്‍ഹം നിരക്കില്‍ പ്രവേശനവും അനുവദിച്ചു. അങ്ങനെ പ്രേതകഥകള്‍ക്ക് ചെറുതായിട്ടെങ്കിലും വിരാമമായി.

ഉടമകളുടെ ഇഷ്ടപ്രകാരം രൂപമാറ്റം വരുത്താം!

പാലസ് വാങ്ങാനെത്തുന്ന ഉടമകള്‍ ഈ സ്ഥലം വെറുമൊരു കൊട്ടാരമായി നിലനിര്‍ത്തണമെന്ന നിര്‍ബന്ധമൊന്നും അധികൃതര്‍ക്കില്ല. അവര്‍ക്കിതിനെ താമസകേന്ദ്രമാക്കാം, ഹോട്ടലാക്കാം, ടൂറിസം കേന്ദ്രമാക്കാം, അല്ലെങ്കില്‍ പല ഇവന്റുകളുടെയും വേദിയാക്കാം. കൊട്ടാരത്തിന്റെ വില്‍പന ചുമതല ബിഷപ്പ് & നൈറ്റ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കാണ്. നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്, ഓരോരുത്തര്‍ക്കും കൊട്ടാരത്തെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. പ്രത്യേകിച്ച് റാസല്‍ഖൈമയിലെ ടൂറിസം സാധ്യതകളും മര്‍ജാന്‍ ദ്വീപിന്റെ വികസനവും നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ ജോഷ് ഹെന്റി പറയുന്നു. പല ചരിത്ര കെട്ടിടങ്ങള്‍ക്കും ഉള്ളതുപോലെ അല്‍ ഖാസിമി പാലസിന് പൈതൃക സംരക്ഷണ നിയന്ത്രണങ്ങളില്ലാത്തതും നിക്ഷേപകരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രത്യേകതയാണ്. അതായത് പുതിയ ഉടമയ്ക്ക് കെട്ടിടം പുനര്‍നിര്‍മിക്കാം, രൂപമാറ്റം വരുത്താം, ആവശ്യമെങ്കില്‍ പൊളിച്ച് പുതിയത് നിര്‍മിക്കാനും കഴിയും. അങ്ങനെയെങ്കില്‍, ഒരു നാടും ന?ഗരവും പതിറ്റാണ്ടുകളോളം മനസ്സില്‍ ഭീതിയോടെ കണ്ട, അവരുടെ ജീവിതത്തിന്റെ ഭാ?ഗമായ കൊട്ടാരത്തിന് പുതിയ ഉടമകള്‍ വിധിയെഴുതും.

TAGS :

Next Story