റാസൽഖൈമയിലെ മുഴുവൻ ബീച്ചുകളും താൽക്കാലികമായി അടച്ചു
തീരപ്രദേശങ്ങളിലേക്ക് പോകരുതെന്ന് കർശന നിർദേശം

റാസൽഖൈമ: റാസൽഖൈമയിലെ മുഴുവൻ പൊതു ബീച്ചുകളും താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിലേക്ക് പോകരുതെന്ന് താമസക്കാർക്കും സന്ദർശകർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റാസൽഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്മെന്റും റാസൽഖൈമ പൊലീസും സംയുക്തമായാണ് ഈ നിർദേശം പുറപ്പെടുവിച്ചത്. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ബീച്ചുകൾ ഉടനടി അടച്ചിടാനുള്ള ഉത്തരവ് അധികൃതർ അറിയിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു അടിയന്തര തീരുമാനമെടുത്തതെന്നും അധികൃതർ വ്യക്തമാക്കി.
എമിറേറ്റിലെ എല്ലാ പൊതു ബീച്ചുകൾക്കും ഉത്തരവ് ബാധകമാണ്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ ബീച്ചുകൾ വീണ്ടും തുറക്കുന്ന തീയതി പ്രഖ്യാപിക്കുകയുള്ളൂ. അതുവരെ തീരദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഭരണകൂടം ജനങ്ങളോട് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക സർക്കാർ ചാനലുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. സുരക്ഷാ മുൻകരുതലുകളോട് സഹകരിക്കുന്ന പൊതുജനങ്ങൾക്ക് പൊലീസ് നന്ദി രേഖപ്പെടുത്തി.
Adjust Story Font
16

