അഡ്നോകും റിലയൻസും കൈകോർക്കുന്നു; അബൂദബിയിൽ കൂറ്റൻ സംരംഭവുമായി റിലയൻസ്
ഇന്ത്യയിലെ പെട്രോ കെമിക്കൽ രംഗത്ത് വൻതുകയുടെ നിക്ഷേപത്തിന് അഡ്നോകും സൗദി അരാംകോയും നേരത്തെ തന്നെ വിവിധ കരാറുകളിൽ ഒപ്പുവെച്ചിരുന്നു.
അബൂദബി പെട്രോ കെമിക്കൽ മേഖലയിൽ വൻ പദ്ധതിയുമായി റിലയൻസ്. അബൂദബി നാഷനൽ ഓയിൽ കമ്പനിയുമായി ചേർന്ന് 200 കോടി ഡോളറിന്‍റെ പദ്ധതിയാണ് റിലയൻസ് ആരംഭിക്കുന്നത്. റുവൈസിലെ താസിസ് ഇൻഡസ്ട്രിയൽ കെമിക്കൽ സോണിലാണ് പദ്ധതി യാഥാർഥ്യമാവുക.
ഗൾഫ് മേഖലയിൽ റിലയൻസ് ഏറ്റെടുക്കുന്ന ഏറ്റവും വലിയ സംരംഭമാണിതെന്ന് അബൂദബിയിലെ ദ നാഷനൽ പത്രം റിപ്പോർട്ട് ചെയ്തു. അഡ്നോകും റിലയൻസും തമ്മിലുളള സംയുക്ത സംരംഭത്തിലൂടെ ആയിരങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടും. ഊർജ, എണ്ണ സംസ്കരണ രംഗത്ത് ഇന്ത്യയും യു.എ.ഇയും തമ്മിൽ ഏറ്റവും ശക്തമായ ബന്ധമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. എതിലൈൻ ഡിക്ലോറൈഡ് നിർമാണമാണ് പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അഡ്നോകുമായി പങ്കുചേരാൻ സാധിച്ചതിൽ അതിയായ സംതൃപ്തിയുണ്ടെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
യു.എ.ഇയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ മുന്നിലാണ്. ഊർജ മേഖലയിൽ അനുബന വ്യവസായങ്ങളുടെ വികാസം ഉറപ്പു വരുത്താൻ ഇന്ത്യയും യു.എ.ഇയും കൂടുതൽ കൈകോർക്കും. ഇന്ത്യയിലെ പെട്രോ കെമിക്കൽ രംഗത്ത് വൻതുകയുടെ നിക്ഷേപത്തിന് അഡ്നോകും സൗദി അരാംകോയും നേരത്തെ തന്നെ വിവിധ കരാറുകളിൽ ഒപ്പുവെച്ചിരുന്നു.
Adjust Story Font
16