ദുബൈയിലെ പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 35 ശതമാനം വർധന; ദിവസവും 17 ലക്ഷം യാത്രക്കാർ
2022ൽ ആകെ 62.1 കോടി യാത്രികരാണ് പൊതുഗതാഗം ഉപയോഗപ്പെടുത്തിയത്. 2021നെ അപേക്ഷിച്ച് 35 ശതമാനം വർധനവാണിത്

എക്സ്പോ 2020യുടെ അവസാന മാസമായ മാർച്ചിൽ 6.2 കോടി യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗിച്ചത്
ദുബൈ: കഴിഞ്ഞ വർഷം ദുബൈയിലെ പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 35 ശതമാനം വർധനവ്. ആർ.ടി.എ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെട്രോ, ട്രാം, ബസ്, ടാക്സി എന്നിവ വഴി യാത്ര ചെയ്തവരുടെ കണക്കാണിത്.
2022ൽ ആകെ 62.1 കോടി യാത്രികരാണ് പൊതുഗതാഗം ഉപയോഗപ്പെടുത്തിയത്. 2021നെ അപേക്ഷിച്ച് 35 ശതമാനം വർധനവാണിത് . 2021ൽ ആകെ യാത്രക്കാർ 46.1 കോടിയും ദിവസ യാത്രക്കാർ 13 ലക്ഷവുമായിരുന്നു. ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് മാർച്ചിലാണ്. എക്സ്പോ 2020യുടെ അവസാന മാസമായ മാർച്ചിൽ 6.2 കോടി യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗിച്ചത്. മെട്രോ ഉപയോഗത്തിൽ മൂന്ന് ശതമാനവും ജലഗതാഗതം ഒരു ശതമാനവും വളർച്ച നേടി.
കഴിഞ്ഞ വർഷം ആകെ യാത്രയുടെ 36 ശതമാനവും മെട്രോ വഴിയായിരുന്നു. 2021ൽ ഇത് 33 ശതമാനമായിരുന്നു. 25 ശതമാനം പേർ ബസ് സർവീസ് ഉപയോഗപ്പെടുത്തിയപ്പോൾ ജലഗതാഗതം വഴി യാത്ര ചെയ്തത് രണ്ട് ശതമാനമാണ്. അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവ ഇതിൽ ഉൾപെടുന്നു. മാർച്ച്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് ഡിസംബറിലാണ്.
5.7 കോടി യാത്രക്കാരാണ് ഡിസംബറിൽ പൊതുഗതാഗം ഉപയോഗപ്പെടുത്തിയത്. ഖത്തർ ലോകകപ്പാണ് ഈ മാസം ഇത്രയധികം യാത്രക്കാർ വർധിക്കാൻ കാരണം. മറ്റ് മാസങ്ങളിൽ ശരാശരി 4.6 കോടി- 5.6 കോടി യാത്രക്കാർ പൊതുഗതാഗതം ഉപയോഗിച്ചു. ടാക്സികളും ബസുകളും ഉൾപെട്ട പൊതുഗതാഗത വാഹനങ്ങൾ 2022ൽ 12.9 കോടി യാത്രകളാണ് നടത്തിയത്.
Adjust Story Font
16

