ഒരു രൂപവുമില്ലാതെ രൂപ; ഡോളറിന് 79 രൂപ 49 പൈസയിലേക്ക് മൂല്യം താഴ്ന്നു
ഡോളറുമായുള്ള വിനിമയത്തിൽ രൂപ കൂടുതൽ ഇടറിയതോടെ ഗൾഫ് കറൻസികൾക്ക് ഉയർന്ന മൂല്യമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്.

ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മുല്യം വീണ്ടും ഇടിഞ്ഞു. 23 പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു അമേരിക്കൻ ഡോളറിന് 79 രൂപ 49 പൈസയെന്ന നിരക്കിലേക്കാണ് മൂല്യം ഇടിഞ്ഞത്.
ഇതോടെ ഒരു യു.എ.ഇ ദിർഹത്തിന് 21 രൂപ 66 പൈസ എന്ന റെക്കാർഡ് വിനിമയ മൂല്യമാണ് ഇന്ന് ലഭിച്ചത്. ആഗോളവിപണിയിൽ എണ്ണവില കഴിഞ്ഞ ദിവസം കുറഞ്ഞെങ്കിലും ഡോളർ കരുത്താർജിച്ചതോടെ രൂപ വീണ്ടും പതറുകയാണ്.
ഡോളറുമായുള്ള വിനിമയത്തിൽ രൂപ കൂടുതൽ ഇടറിയതോടെ ഗൾഫ് കറൻസികൾക്ക് ഉയർന്ന മൂല്യമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. ഒരു യു.എ.ഇ ദിർഹത്തിന് 22 രൂപയെന്ന നിരക്കിലേക്ക് വൈകാതെ മൂല്യം മാറുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യത്തകർച്ചയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. രൂപയുടെ മൂല്യ തകർച്ച ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിക്കുന്നുണ്ട. അതേസമയം ദിർഹം ഉൾപ്പെടെ ഗൾഫ് കറൻസികൾക്ക് ഉയർന്ന മൂല്യം ലഭിക്കുന്നത് പ്രവാസികൾക്ക് ഗുണകരമാണ്. പെരുന്നാളും മറ്റും പ്രമാണിച്ച് നാട്ടിലേക്ക് പണം അയക്കുന്നതിൽ വലിയ വർധനയുള്ളതായി വിവിധ പണമിടപാട് സ്ഥാപനങ്ങൾ അറിയിച്ചു. എണ്ണവില ഇനിയും ഉയർന്നാൽ രൂപ കൂടുതൽ ദുർബലമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Adjust Story Font
16

