'സാലിക്' ഓഹരി വിൽപനക്ക് തുടക്കം; ലക്ഷ്യം 300കോടി ദിർഹം
ഒരു ഓഹരിക്ക് 2 ദിർഹമാണ് വില

ദുബൈ എമിറേറ്റിലെ റോഡ് ചുങ്കം സംവിധാനമായ 'സാലിക്' ഓഹരി വിൽപന മുഖേന 300കോടി ദിർഹം സമാഹരിക്കും. കമ്പനിയുടെ 20 ശതമാനം ഇനീഷ്യൽ പബ്ലിക് ഓഫറിങിലൂടെ വിൽക്കുമെന്ന് കഴിഞ്ഞ ആഴ്ചയാണ് അധികൃതർ വ്യക്തമാക്കിയത്. ചൊവ്വാഴ്ച മുതൽ ആരംഭിച്ച വിൽപനയിൽ ഒരു ഓഹരിക്ക് 2 ദിർഹമാണ് വില.
മൊത്തം 150കോടി ഓഹരികളാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. സെപ്റ്റംബർ 13മുതൽ 20വരെയാണ് വിൽപന നടക്കുക. കമ്പനിയുടെ 80ശതമാനം സർക്കാർ നിയന്ത്രണത്തിൽ നിലനിർത്തും. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് വിൽപനക്കുവെച്ച ഓഹരികൾ വർധിപ്പിക്കാൻ സാലിക് കമ്പനി ഉടമകളായ ദുബൈ സർക്കാറിന് സാധിക്കും. വിൽപനയെ തുടർന്ന് സെപ്റ്റംബർ 29ന് 'സാലിക്' ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യും.
ദുബൈയിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എൻ.ബി.ഡി ആയിരിക്കും ഐ.പി.ഒയുടെ ലീഡ് സ്വീകരിക്കുന്ന ബാങ്ക്. അതിനിടെ യു.എ.ഇ സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട്, ദുബൈ ഹോൾഡിങ്, ഷമാൽ ഹോൾഡിങ്, അബുദാബി പെൻഷൻ ഫണ്ട് എന്നിവ കോർണർസ്റ്റോൺ നിക്ഷേപകരാക്കി സാലിക് കരാർ ഒപ്പുവെച്ചിട്ടുണ്ട്. നിശ്ചിത എണ്ണം ഓഹരികൾക്ക് മുൻകൂട്ടി നിക്ഷേപിക്കുന്നവരാണ് കോർണർസ്റ്റോൺ നിക്ഷേപകർ. ഇവർ 60.6കോടി ദിർഹമിന്‍റെ ഓഹരികൾ വാങ്ങാനാണ് ധാരണ രൂപപ്പെടുത്തിയിരിക്കുന്നത്.
മാർച്ചിൽ ദുബൈ ജല,വൈദ്യൂത വകുപ്പായ 'ദേവ' ഐ.പി.ഒയിലൂടെ 22.41 ബില്യൺ ദിർഹം ദുബൈ സമാഹരിച്ചിരുന്നു. 8.50ബില്യൺ ഷെയറുകളാണ് 'ദേവ' വിറ്റത്. 'സാലികി'നും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16

