Quantcast

നികുതി വെട്ടിപ്പ്; സഞ്ജയ് ഷായെ ഡെൻമാർക്കിന് കൈമാറും

കൈമാറ്റത്തിനെതിരെ ഇയാൾ നൽകിയ ഹരജി ദുബൈ കോടതി തള്ളി

MediaOne Logo

Web Desk

  • Updated:

    2023-04-04 18:22:20.0

Published:

4 April 2023 11:48 PM IST

നികുതി വെട്ടിപ്പ്; സഞ്ജയ് ഷായെ ഡെൻമാർക്കിന് കൈമാറും
X

നികുതി വെട്ടിപ്പ് കേസിൽ ദുബൈയിൽ അറസ്റ്റിലായ ബ്രിട്ടീഷ് പൗരൻ സഞ്ജയ് ഷായെ ഡെൻമാർക്കിന് കൈമാറും. കൈമാറ്റത്തിന് എതിരെ ഇന്ത്യൻ വംശയനായ ഇയാൾ നൽകിയ ഹരജി ദുബൈ കോടതി ഇന്ന് തള്ളി. എന്നാൽ, മേൽകോടതിയെ സമീപിക്കുമെന്ന് ഷായുടെ അഭിഭാഷകൻ അറിയിച്ചു.

170 കോടി ഡോളറിൻറെ നികുതി വെട്ടിപ്പ് കേസിൽ ഡെന്മാർക്കിൻറെ ആവശ്യപ്രകാരമാണ് സഞ്ജയ് ഷാ ദുബൈയിൽ അറസ്റ്റിലായത്. ഡാനിഷ് കമ്പനിയിൽ ഓഹരിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 170 കോടി ഡോളറിൻറെ നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിൽ ഡെൻമാർക്കിന്റെ ആവശ്യപ്രകാരമാണ് ദുബൈ പൊലീസ് ഇയാളെ പിടികൂടിയത്. എന്നാൽ മറ്റൊരു കേസിൽ, ഇയാൾക്ക് 125 കോടി ഡോളർ അഥവാ 10,000 കോടി രൂപ ദുബൈ കോടതി പിഴയിട്ടു. മൂന്ന് വർഷം തുടർച്ചയായി അനധികൃതമായി നികുതി റീ ഫണ്ട് കൈപ്പറ്റിയെന്ന കേസിലായിരുന്നു പിഴ.

ഡെൻമാർക്കിൽ നികുതി വെട്ടിപ്പ് നടത്തിയ ശേഷം ദുബൈയിലേക്ക് കടന്ന ഇയാൾക്കെതിരെ 2018ലാണ് ഡെൻമാർക്ക് സർക്കാർ ദുബൈയിൽ കേസ് നൽകുന്നത്. 190 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ഷായെ വിട്ടുനൽകണമെന്നുമായിരുന്നു ഡെൻമാർക്കിൻറെ ആവശ്യം. വൻതുക പിഴയടക്കാനുള്ള ഇയാളെ വിട്ടുനൽകാൻ കഴിയില്ല എന്നായിരുന്നു ആദ്യം കോടതിയുടെ തീരുമാനം. ഔദ്യോഗിക രേഖകളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ ദുബൈ അറ്റോണി ജനറൽ അപ്പീൽ നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഷായെ കൈമാറാൻ വിധിവന്നത്. ഇതിനിടെ, കഴിഞ്ഞ വർഷം തടവുകാരെ കൈമാറാൻ യു.എ.ഇയും ഡെൻമാർക്കും കരാറും ഒപ്പുവെച്ചിരുന്നു.

TAGS :

Next Story