ദുബൈയിലെ സ്കൂൾ ബസ് പൂളിങ്; ആദ്യം വരുന്നത് ബർഷയിൽ
14 വയസ്സ് മുതൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് സേവനം

ദുബൈ: ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂളുകളിലെ വിദ്യാർഥികളെ ഒന്നിച്ച് വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോകുന്ന ദുബൈയിലെ സ്കൂൾ ബസ് പൂളിങ് സംവിധാനം ആദ്യം നടപ്പിലാക്കുന്നത് ബർഷയിൽ. പദ്ധതിയിൽ ഒരു മാസം 1,000 ദിർഹം നിരക്കാണ് ഈടാക്കുന്നതെന്ന് സേവന ദാതാക്കളായ യാംഗോ ഗ്രൂപ് വെളിപ്പെടുത്തി. 14 വയസ്സ് മുതൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് ഈ സേവനം ഉപയോഗിക്കാവുന്നത്. ആഡംബര എസ്.യു.വികളാണ് സർവീസിനായി ഉപയോഗിക്കുകയെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
ബ്ലൂം അക്കാദമി, ബ്രൈറ്റൺ കോളജ്, ജെംസ് ഫൗണ്ടേഴ്‌സ് സ്‌കൂൾ, ജെംസ് അൽ ബർഷ നാഷനൽ സ്‌കൂൾ, ദുബൈ അമേരിക്കൻ അക്കാദമി, അമേരിക്കൻ സ്‌കൂൾ ഓഫ് ദുബൈ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സേവനം നിലവിൽ ലഭ്യമാക്കുക. 60 മിനിറ്റിൽ കൂടാത്ത സമയ പരിധിക്കുള്ളിൽ വിദ്യാർഥികളെ അവരുടെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് എത്തിക്കുന്നതായിരിക്കും സംവിധാനമെന്നും യാംഗോ ഗ്രൂപ് വ്യക്തമാക്കി.
Adjust Story Font
16

