Quantcast

സംസം വെള്ളം വിൽക്കരുത്; വ്യാപാര സ്ഥാപനങ്ങൾക്ക് നിർദേശവുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി

  • കഴിഞ്ഞയാഴ്ച സാധാരണ ടാപ്പിലെ വെള്ളം സംസം വെള്ളമെന്ന പേരിൽ വിൽപന നടത്തിയയാളെ അധികൃതർ പിടികൂടിയിരുന്നു

MediaOne Logo

Web Desk

  • Published:

    3 Jun 2025 6:38 PM IST

സംസം വെള്ളം വിൽക്കരുത്; വ്യാപാര സ്ഥാപനങ്ങൾക്ക് നിർദേശവുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി
X

ഷാർജ: ഷാർജയിലെ വ്യാപാരസ്ഥാപനങ്ങളിൽ സംസം വെള്ളം വിൽക്കരുതെന്ന നിർദേശവുമായി സിറ്റി മുനിസിപ്പാലിറ്റി. സംസം വെള്ളത്തിന്റെ പേരിൽ നഗരത്തിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ സംസം വെള്ളത്തിന്റെ വിൽപ്പനയും പ്രദർശനവും പാടില്ലെന്നാണ് ഷാർജ മുനിസിപ്പാലിറ്റിയുടെ ഉത്തരവ്. പ്രാദേശിക വിപണിയിൽ നിന്ന് സംസം വെള്ളം വാങ്ങരുതെന്ന് മുനിസിപ്പാലിറ്റി അധികൃതർ പൊതുജനങ്ങളോടും നിർദേശിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് അധികൃതരുടെ ഇടപെടൽ.

കഴിഞ്ഞയാഴ്ച സാധാരണ ടാപ്പിലെ വെള്ളം സംസം വെള്ളമെന്ന പേരിൽ വിൽപന നടത്തിയയാളെ അധികൃതർ പിടികൂടിയിരുന്നു. സംസം വെള്ളം എന്ന് ലേബൽ ചെയ്ത കാർട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ വെള്ളം നിറച്ച് സോഷ്യൽ മീഡിയ വഴി പ്രചാരം നൽകിയാണ് ഇത് വിൽപന നടത്തിയിരുന്നത്. ഉയർന്ന വിലക്കാണ് വെള്ളം വിറ്റിരുന്നത്.

ലൈസൻസില്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുകയോ സോഷ്യൽ മീഡിയ വഴി ഉൽപന്നങ്ങൾ വാങ്ങുകയോ ചെയ്യരുതെന്ന് ഷാർജ മുനിസിപ്പാലിറ്റി അഭ്യർഥിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നും ഷാർജ ഭക്ഷ്യ നിയന്ത്രണ വകുപ്പു മേധാവി ഖാലിദ് അൽ ഹമ്മാദി പറഞ്ഞു.

TAGS :

Next Story