Quantcast

ഷാ​ർജയുടെ സാംസ്​കാരികോത്സവത്തിന്​ ഉജ്ജ്വല തുടക്കം, 126 രാജ്യങ്ങൾ, 3212 പ്രസാധകർ

17 ലക്ഷം പുസ്​തകങ്ങൾ, എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സംവാദങ്ങളും

MediaOne Logo

Gulf Desk

  • Published:

    5 Nov 2026 5:02 PM IST

ഷാ​ർജയുടെ സാംസ്​കാരികോത്സവത്തിന്​ ഉജ്ജ്വല തുടക്കം, 126 രാജ്യങ്ങൾ, 3212 പ്രസാധകർ
X

ഷാർജ: ലോകത്തിന്‍റെ 126 രാജ്യങ്ങളിൽ നിന്നുള്ള 3212 പ്രസാധകരും നൂറുകണക്കിന്​ എഴുത്തുകാരും 17 ലക്ഷം പുസ്​തകങ്ങളും ഒത്തുചേരുന്ന ഷാർജ പുസ്​തകോത്സവത്തിന്​ തുടക്കം. 'മെയ്ഡ് ഓഫ് സ്റ്റോറീസ്' എന്ന പ്രമേയത്തിൽ ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. പുസ്തകങ്ങൾ വാങ്ങുന്നതിനപ്പുറം വായനക്കാരും എഴുത്തുകാരും തമ്മിലുള്ള സംവാദങ്ങൾക്കും സാംസ്കാരിക കൈമാറ്റങ്ങൾക്കും മേള വേദിയാകുന്നുണ്ട്. 25 രാജ്യങ്ങളിൽനിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന 1,500 സാംസ്കാരിക, കലാ പരിപാടികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

ഇത്തവണത്തെ അതിഥി രാജ്യം ഒമാനാണ്. രാജ്യത്തിന്‍റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാഹിത്യ-സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്ന പ്രത്യേക പവിലിയനാണുള്ളത്​. ചരിത്രരേഖകൾ, അപൂർവ കൈയെഴുത്തുപ്രതികൾ, സമകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. എ.ഡി. 1137ൽ (ഹിജ്റ 531) പകർത്തിയെഴുതിയ 'മജ്മൂഅത്ത് അൽ സിയർ വൽ ജവാബാത്ത്' കൃതിയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 അതിഥികൾ ഒമാ​ന്‍റെ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കും. ഉറുദു, ഇംഗ്ലീഷ്​, ആഫ്രിക്കൻ കൃതികളും മേളയുടെ പ്രധാന ആകർഷണമാണ്​.

മലയാള പുസ്തകങ്ങൾ തേടി പ്രവാസികൾ

യുഎഇയിലെ വലിയ മലയാളി സമൂഹത്തിന് മലയാള പുസ്തകങ്ങൾ ലഭ്യമാക്കുന്നതിൽ ഷാർജ പുസ്തകമേളക്ക്​ വലിയ പങ്കുണ്ട്. വിവിധ പ്രസാധകർ ആയിരക്കണക്കിന്​ പുസ്തകങ്ങളുമായി മേളക്കെത്തിയിട്ടുണ്ട്​. ക്ലാസിക് കൃതികൾ, സമകാലിക മലയാള സാഹിത്യം, വിവർത്തനങ്ങൾ എന്നിവയെല്ലാം ശേഖരത്തിലുണ്ട്. മലയാളത്തി​ലെ പ്രമുഖ സാഹിത്യകാരൻമാരും മേളയിലേക്ക്​ എത്തുന്നുണ്ട്​. നിരവധി പുസ്​തകങ്ങളുടെ പ്രകാശനവും നടക്കും.

യുവ ഇമാറാത്തി എഴുത്തുകാരും സജീവം

യുവ ഇമാറാത്തി പ്രതിഭകളായ ഹിദായ, അബ്ദുല്ല, അലി സാലിഹ് അൽ ദാഹിരി എന്നീ സഹോദരങ്ങളും സ്വന്തം പുസ്തകങ്ങളുമായി മേളയിലുണ്ട്. പരിസ്ഥിതി സംരക്ഷണം, ശാസ്ത്രം, ഫോട്ടോഗ്രഫി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലാണ് ഇവരുടെ താൽപര്യം. മറൈൻ ബയോളജിസ്റ്റാകാനാണ് ഹിദായയുടെ ആഗ്രഹം. നേത്രരോഗ വിദഗ്ധനാകാനാണ് അബ്ദുല്ല ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് സാങ്കേതികവിദ്യയും നൂതന ആശയങ്ങളും പ്രയോജനപ്പെടുത്തുകയാണ് അലിയുടെ സ്വപ്നം.

പുസ്തകങ്ങൾക്കപ്പുറം അനുഭവങ്ങളുടെയും ലോകം

പുസ്തകങ്ങൾക്കൊപ്പം അനുഭവങ്ങളുടെയും ലോകം കൂടിയാണ് ഷാർജ പുസ്തക മേള പകരുന്നതെന്ന്​ സന്ദർശകർ പറയുന്നു. ഷാർജയിൽ ജനിച്ചുവളർന്ന ഇന്ത്യൻ സഹോദരിമാരായ 18കാരി സഫിയ ഫാത്തിമയും 25കാരി അദീന ഫാത്തിമയും എല്ലാ വർഷവും പുസ്തകമേള സന്ദർശിക്കാറുണ്ട്. ഇത്തവണ പത്തോളം പുസ്തകങ്ങൾ വാങ്ങാനാണ് ഇവരുടെ പദ്ധതി. ഓൺലൈനായി പുസ്തകങ്ങൾ വാങ്ങുന്നതിൽനിന്ന് വ്യത്യസ്തമായി പുസ്തകങ്ങൾ നേരിട്ട് കൈയിലെടുത്ത് വായിച്ചുനോക്കാനും പുതിയ പുസ്തകങ്ങൾ കണ്ടെത്താനുമുള്ള അവസരമാണ് മേളയെന്ന് അവർ പറയുന്നു.നവംബർ 15 വരെ നീളുന്ന മേളയിൽ വിവിധ പ്രായക്കാർക്കായി ശിൽപശാലകൾ, നാടകാവതരണങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറും. അപൂർവ കൈയെഴുത്തുപ്രതികൾ മുതൽ ആധുനിക നോവലുകളും കുട്ടികളുടെ പുസ്തകങ്ങളും വരെ ഒരേ വേദിയിലെത്തിക്കുന്ന മേള ലോകസാഹിത്യത്തിന്‍റെ വൈവിധ്യമാണ് തുറന്നിടുന്നത്.

TAGS :

Next Story