ഷാർജയിൽ അൽ ദൈദ് പാലം ഉദ്ഘാടനം ചെയ്തു
പാലം മണിക്കൂറിൽ 6,000 വാഹനങ്ങളെ വരെ ഉൾക്കൊള്ളും

ഷാർജ:അൽ ദൈദ് നഗരത്തിലേക്കുള്ള 320 മീറ്റർ പ്രവേശന പാലം ഉദ്ഘാടനം ചെയ്തു.അൽ ദൈദ് തടാകത്തിന്റെയും പാലത്തിന്റെയും പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. തടാകത്തിന് കുറുകെ നിർമ്മിച്ചിരിക്കുന്ന പുതിയ പാലത്തിന് 50 മീറ്ററാണ് വീതി. കൂടാതെ, പാലത്തിലേക്ക് നയിക്കുന്ന ഏകദേശം 2,300 മീറ്റർ നീളമുള്ള റോഡ് യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും പ്രദേശത്തെ മറ്റ് റോഡുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും.
മണിക്കൂറിൽ 6,000 വാഹനങ്ങളെ വരെ ഉൾക്കൊള്ളാനുള്ള ശേഷി പാലത്തിനുണ്ട്. കൂടാതെ ട്രാഫിക് ടോൾ ഗേറ്റിലേക്ക് പോകുന്ന ട്രക്കുകൾക്കായി 280 മീറ്റർ നീളമുള്ള പ്രത്യേക റാംപ്,ഷാർജ നഗരത്തിലേക്ക് പോകുന്ന ട്രക്കുകൾക്കായി 160 മീറ്റർ നീളമുള്ള റാംപ്, ജബൽ ഒമർ, അൽ തയ്യിബ, ടെൽ അൽ സഫ്രാൻ തുടങ്ങിയ സമീപപ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതം സുഗമമാക്കുന്നതിനായി 108 മീറ്റർ നീളമുള്ള അടിപ്പാതകൾ എന്നിവയും അൽ ദൈദ് പാലത്തിൻ്റെ സവിശേഷതകളാണ്.
പാലത്തിനടിയിലെ അൽ ദൈദ് തടാകത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.2027 ന്റെ മൂന്നാം പാദത്തിൽ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 460,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് തടാകത്തിനുള്ളത്. നിർമ്മാണം പൂർത്തിയാകുമ്പോൾ ഏകദേശം 400 ദശലക്ഷം ഗാലൺ വെള്ളം ഉൾക്കൊള്ളുമെന്ന് ഇനിഷ്യേറ്റീവ്സ് ഇംപ്ലിമെന്റേഷൻ അതോറിറ്റി “മുബദര” യുടെ ചെയർമാൻ ഡോ. എഞ്ചിനീയർ സലാ ബിൻ ബുട്ടി അൽ മുഹൈരി പറഞ്ഞു.
അൽ ദൈദ് നഗരത്തിലെ റോഡ് ശൃംഖലയുടെ വികസനം പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കരുത്തേകുമെന്ന് അൽ മുഹൈരി കൂട്ടിച്ചേർത്തു. അൽ ദൈദിലെ ഇത്തിഹാദ് റെയിൽ സ്റ്റേഷനെ വിവിധ ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന മൂന്ന് ബസ് റൂട്ടുകൾ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ER1 റൂട്ട് വഴി അൽ മദാം ബസ് സ്റ്റേഷൻ, ER2 റൂട്ട് വഴി അൽ സജാ ബസ് സ്റ്റേഷൻ, ER3 റൂട്ട് വഴി ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷൻ എന്നിവയിലേക്കാണ് ഈ സർവീസുകൾ നടത്തുന്നത്.
Adjust Story Font
16

