പുസ്തകം ഇറക്കാൻ ഓഹരികൾ വിറ്റു; കൈയിൽ പണമില്ലാതിരുന്ന അവസ്ഥ തുറന്നുപറഞ്ഞ് ഷാർജ ഭരണാധികാരി
പുതിയ ഗവേഷണ ഗ്രന്ഥത്തെ കുറിച്ച് നൽകിയ അഭിമുഖത്തിലാണ് വെളുപ്പെടുത്താൽ

ഷാർജ: പുസ്തക പ്രസാധന രംഗത്തെ വർധിച്ചുവരുന്ന ചെലവുകളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. തന്റെ പുതിയ ചരിത്ര വിജ്ഞാനകോശം പുറത്തിറക്കുന്നതിന് പണമില്ലാത്ത അവസ്ഥ വന്നപ്പോൾ കമ്പനി ഓഹരികൾ വിറ്റഴിക്കേണ്ടി വന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പുതിയ ഗവേഷണ ഗ്രന്ഥത്തെക്കുറിച്ച് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
'സത്യമായും എന്റെ പക്കൽ അപ്പോൾ പണമുണ്ടായിരുന്നില്ല. എന്നാൽ ദൈവം ഒരു വഴി തുറന്നുതന്നു. ഷാർജ സിമന്റ്‌സിൽ എനിക്കുണ്ടായിരുന്ന ഓഹരികൾ വിറ്റഴിച്ചാണ് ഒടുവിൽ ഈ വിജ്ഞാനകോശം പ്രസിദ്ധീകരിക്കാനുള്ള ചെലവുകൾ കണ്ടെത്തിയത്,' ശൈഖ് സുൽത്താൻ വിശദീകരിച്ചു.
1497 മുതൽ 1750 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് സാന്നിധ്യത്തെയും അധിനിവേശത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ബൃഹത്തായ ചരിത്ര വിജ്ഞാനകോശത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇംഗ്ലീഷിലും അറബിയിലുമായി 61 വാല്യങ്ങളിലായാണ് ഈ അമൂല്യ ചരിത്ര ശേഖരം പുറത്തിറങ്ങുന്നത്. ഇന്ത്യയിൽ പോർച്ചുഗീസുകാർക്കെതിരെ നടന്ന ചെറുത്തുനിൽപ്പുകളും പോരാട്ടങ്ങളും ഇന്ത്യൻ സമുദ്രത്തിലെ അവരുടെ അധികാര കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള സൂക്ഷ്മ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ വിജ്ഞാനകോശം.
പദ്ധതി പൂർത്തിയാക്കാൻ നേരിട്ട കഠിന പരിശ്രമങ്ങളും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു. 1997 മുതൽ 2006 വരെയുള്ള ഒമ്പത് വർഷക്കാലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ചരിത്ര രേഖകൾ ശേഖരിക്കുന്നതിനായി മാത്രം വിനിയോഗിക്കേണ്ടി വന്നു. ഈ പദ്ധതിയുടെ അവസാനഘട്ടം വരെ രേഖകൾ നൽകിയ ഫിയോണ എന്ന വനിതയുടെ അപ്രതീക്ഷിത വിയോഗം എന്നിവയും ഭരണാധികാരി ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.
ചരിത്ര ഗവേഷണത്തിൽ ഏർപ്പെടുന്നവർ വിവരശേഖരണത്തിനായി ആധികാരികമായ കൈയെഴുത്തുപ്രതികളെയും പ്രാഥമിക രേഖകളെയും മാത്രം ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യവും ഷാർജ ഭരണാധികാരി എടുത്തുപറഞ്ഞു.
Adjust Story Font
16

