'മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്കിനായി' യുഎഇയുടെ ഒരേയൊരു പ്രതിനിധി; ചരിത്രം കുറിക്കാൻ ഷാർജയുടെ 'മെലീഹ'
അവാർഡിനായുള്ള പൊതുജന വോട്ടിങ് 2026 ജൂലൈ 31 വരെ തുടരും

ഷാർജ: അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ 'വേൾഡ് ട്രാവൽ അവാർഡ്സ് 2026'ലെ, 'മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്'വിഭാഗത്തിൽ യുഎഇയിൽ നിന്നുള്ള ഏക പ്രാതിനിധ്യമായി മെലീഹ നാഷണൽ പാർക്ക്. മേഖലയിലെ പ്രമുഖ പ്രകൃതിസംരക്ഷണ ദേശീയോദ്യാനങ്ങളോടൊപ്പമാണ് ഷാർജയുടെ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രമായ മെലീഹ നാഷണൽ പാർക്ക് ഈ നേട്ടത്തിനായി മത്സരിക്കുന്നത്.
ഇസ്രായേലിലെ മസാദ, സൗദിയിലെ അസീർ, ഒമാനിലെ അൽ സലീൽ, ഇറാനിലെ ഗൊലസ്താൻ എന്നീ നാല് നാഷണൽ പാർക്കുകളോടൊപ്പമാണ് മെലീഹ അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. യുഎഇയുടെ ചരിത്ര-പുരാവസ്തു പൈതൃകവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള എക്കോ-ടൂറിസം, സാഹസിക വിനോദങ്ങൾ എന്നിവ ഒരുക്കുന്നതിൽ മെലീഹ പുലർത്തുന്ന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ നാമനിർദേശം.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള 'ഫായ പാലിയോലാൻഡ്സ്കേപ്പിന്റെ' (Faya Palaeolandscape) ഭാഗമായ മെലീഹ നാഷണൽ പാർക്കിൽ അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സംരക്ഷണവും വിദ്യാഭ്യാസപ്രവർത്തനങ്ങളും സുസ്ഥിര വിനോദസഞ്ചാര കാഴ്ചപാടുകളും സമ്മേളിക്കുന്ന മെലീഹയുടെ വർധിച്ചുവരുന്ന രാജ്യാന്തര പ്രശസ്തിക്ക് അടിവരയിടുന്നതാണ് ഈ നേട്ടം. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങൾക്ക് ആഗോളതലത്തിൽ നൽകപ്പെടുന്ന ഏറ്റവും ആദരണീയമായ പുരസ്കാരങ്ങളിലൊന്നാണ് വേൾഡ് ട്രാവൽ അവാർഡ്സ്.
പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാം
അവാർഡിനായുള്ള പൊതുജന വോട്ടിങ് 2026 ജൂലൈ 31 വരെ തുടരും. ഈ വിഭാഗത്തിൽ യുഎഇയെ പ്രതിനിധീകരിക്കുന്ന ഏക കേന്ദ്രമായ മെലീഹയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടും രാജ്യത്തിന്റെ സമ്പന്നമായ പ്രകൃതി-സാംസ്കാരിക പൈതൃകത്തെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ പ്രശസ്തമാക്കാൻ സഹായിക്കും. വോട്ട് ചെയ്യാൻ - https://www.worldtravelawards.com/vote-for-mleiha-national-park-middle-easts-leading-national-park-2026 എന്ന വിലാസം സന്ദർശിക്കാം. മെലീഹ നാഷണൽ പാർക്കിന്റെ വെബ്സൈറ്റ്, സോഷ്യൽമീഡിയ പേജുകൾ എന്നിവിടങ്ങളിലും വോട്ട് ചെയ്യാനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.
Adjust Story Font
16

