Quantcast

യു.എ.ഇയുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ടെന്റിൽ കഴിഞ്ഞ രാത്രി...

വിവിധ നാട്ടുകൂട്ടങ്ങളായി കഴിഞ്ഞിരുന്ന എമിറേറ്റുകളെ അപാരമായ ഇച്ഛാശക്തി കൊണ്ട് ശൈഖ് സായിദ് ഒരൊറ്റ നൂലിൽ കോർത്തിണക്കി

MediaOne Logo

Web Desk

  • Published:

    2 Dec 2024 10:29 PM IST

Sheikh Zayed and his group slept that night in a tent set up in the desert.
X

അര നൂറ്റാണ്ടു മുമ്പ് മണൽക്കൂന മാത്രമായിരുന്ന യുഎഇയെ സ്വപ്നം കാണാൻ പഠിപ്പിച്ചത് രാഷ്ട്ര പിതാവായ ശൈഖ് സായിദാണ്. വിവിധ നാട്ടുകൂട്ടങ്ങളായി കഴിഞ്ഞിരുന്ന എമിറേറ്റുകളെ അപാരമായ ഇച്ഛാശക്തി കൊണ്ട് അദ്ദേഹം ഒരൊറ്റ നൂലിൽ കോർത്തിണക്കി. യുഎഇ എന്ന രാഷ്ട്രത്തിന്റെ പിറവിയുടെ വേദന ശൈഖ് സായിദിനോളം അനുഭവിച്ച നേതാവില്ല....

യൂണിയൻ ഹൗസ് എന്നറിയപ്പെടുന്ന ദുബൈയിലെ അൽ ദിയാഫ പാലസിൽ വച്ചാണ് വിവിധ എമിറേറ്റുകൾ ഒന്നിച്ചു ചേർന്ന് യുഎഇ ഒരു യൂണിയനായി മാറിയത്. 1971 ഡിസംബർ രണ്ടിന്. രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കുന്ന ആ പകലിനു മുമ്പുള്ള രാത്രി, രാഷ്ട്രപിതാവ് ശൈഖ് സായിദ് ഉറങ്ങിയത് ഒരു ടെന്റിലാണ്. മരുഭൂമിയിലെ ഒരു ടെന്റിൽ. ഇങ്ങനെയാണ് അക്കഥ.

അബൂദബിയിലെ അൽ മൻഹൽ കൊട്ടാരത്തിൽ നിന്നാണ് ശൈഖ് സായിദും സംഘവും ദുബൈയിലേക്ക് യാത്ര തിരിച്ചത്. ഡിസംബർ ഒന്നിന് ഇരുളെത്തും മുമ്പെ പുറപ്പെട്ടു. വൈറ്റ് മെഴ്‌സിഡസ് 600 ലായിരുന്നു ശൈഖ് സായിദിന്റെ യാത്ര.

സന്ധ്യമയങ്ങുമ്പോൾ സമീഹ് മരുഭൂമിയിലെത്തി. അന്നൊരു തുറന്ന മരുഭൂമിയാണ് സമീഹ്. ശൈഖ് സായിദും സംഘവും അന്നു രാത്രി കിടന്നുറങ്ങിയത് ആ മരുഭൂമിയിൽ ഒരുക്കിയ ഒരു ടെന്റിലായിരുന്നു. പ്രൈവറ്റ് സെക്രട്ടറി അൽ ഹാജ് അൽ മെഹൈർബി, ഉപദേഷ്ടാവ് അഹ്‌മദ് അൽ സുവൈദി തുടങ്ങിയവരായിരുന്നു സംഘത്തിൽ.

രാവിലെ ഉണർന്ന് നേരെ പോയത് ശൈഖ് റാഷിദ് താമസിക്കുന്ന സബീൽ പാലസിലേക്ക്. നല്ല തെളിച്ചമുള്ള പകലായിരുന്നു അത്. പിന്നീട് രണ്ടു പേരും ഒന്നിച്ച് അൽ ദിയാഫ പാലസിലെത്തി. അസുഖം മൂലം വരാൻ കഴിയാതിരുന്ന ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ് അഹ്‌മദ് ഒഴിച്ച് എല്ലാ എമിറേറ്റ് മേധാവികളും കൊട്ടാരത്തിലെത്തി.

അഹ്‌മദ് അൽ സുവൈദിയാണ് രാഷ്ട്ര വിളംബരം വായിച്ചത്. റേഡിയോ സ്റ്റേഷൻ വഴി അത് തത്സമയം സംപ്രേഷണം ചെയ്തു. യുഎഇ ഒന്നടങ്കം സാകൂതം കേട്ടു. എല്ലാ ഭരണാധികാരികളും ഒന്നിച്ചു ചേർന്ന സുപ്രിംകൗൺസിൽ യോഗം ശൈഖ് സായിദിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ശൈഖ് റാഷിദിനെ വൈസ് പ്രസിഡണ്ടായും.

പതിനൊന്നരയ്ക്ക് 21 ഗൺ സല്യൂട്ടിന്റെ അകമ്പടിയോടെ ശൈഖ് സായിദ് യുഎഇയുടെ രാഷ്ട്രപതാക ഉയർത്തി. ആ ചതുർ വർണ പതാക ആകാശത്തു പാറിക്കളിച്ചു. ഒരു രാഷ്ട്രത്തിന്റെ പ്രതീക്ഷയും നിശ്ചയദാർഢ്യവും മുഴുവൻ ഉള്ളിലൊതുക്കി അതിപ്പോഴുമുണ്ട് യുഎഇയുടെ ആകാശത്ത്...

TAGS :

Next Story