ദുബൈ നഗരത്തെ വീണ്ടും ഞെട്ടിച്ച് പറക്കും മനുഷ്യൻ
ആർ.ടി.എ സംഘടിപ്പിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പറക്കും മനുഷ്യൻ ദുബൈയിലെത്തിയത്

ദുബൈ നഗരത്തെ ഞെട്ടിച്ച് വീണ്ടും പറക്കും മനുഷ്യൻ. ആർ.ടി.എ സംഘടിപ്പിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇദ്ദേഹം ദുബൈയിലെത്തിയത് . ആർ.ടി.എ അധികൃതരും നാട്ടുകാരും നോക്കിനിൽക്കെ ഇദ്ദേഹം തന്റെ പറക്കും പ്രകടനങ്ങൾ പുറത്തെടുത്തു.
ഇംഗ്ലണ്ടിൽ നിന്നുള്ള സാം റോജറാണ് ഈ പറക്കും മനുഷ്യൻ. സ്വയം പറക്കാൻ ഗവേഷണം നടത്തുന്ന ഗ്രാവിറ്റി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ പരീക്ഷണ പറക്കൽ പൈലറ്റും, ഡിസൈനറുമൊക്കെയാണദ്ദേഹം. സമ്മേളനം നടക്കുന്ന ദുബൈ വേൾഡ് ട്രേഡ് സെന്ററിന്റെ പാർക്കിങ് ലോട്ടിൽ ആർ.ടി.എ ചെയർമാൻ മതാർ അൽതായറും നാട്ടുകാരുമൊക്കെ നോക്കി നിൽക്കെ സാം റോജർ നിന്ന നിൽപ്പിൽ പറന്നുപൊങ്ങി.
ഗ്രാവിറ്റി ഇൻഡസ്ട്രീസിൽ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ടും, റോക്കറ്റ് എഞ്ചിനും, മൈകോ ടർബൈനുമൊക്കെ ഉപയോഗിച്ചാണ് ഇദ്ദഹം പറക്കും മനുഷ്യനായി അവതരിക്കുന്നത്. ആർ.ടി.എ സംഘടിപ്പിക്കുന്ന സമ്മേളത്തിനെത്തിയവരെയും, രംഗം മൊബൈൽ പകർത്താൻ കാത്തുനിന്നവരെയും ആവേശത്തിലാഴ്ത്തി സാം റോജർ പലതവണ ദുബൈ വേൾഡ് ട്രേഡ് സെന്റർ പരിസരത്ത് പൊങ്ങിയും താണും പറന്നു.
ഭാവിയിലെ യാത്രാ സൗകര്യങ്ങളെ കുറിച്ച് നിരന്തരം ഗവേഷണം നടത്തുന്ന ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പിന്നിൽ തൂക്കിയിട്ട ജെറ്റ് സ്യൂട്ടുമായി നമ്മൾ ഓരോരുത്തരും ഇങ്ങനെ പറന്നു നടക്കുന്ന കാലം അത്ര വിദൂരമല്ലെന്നാണ് സാം റോജർ എന്ന ഈ പറക്കും മനുഷ്യൻ നൽകുന്ന പാഠം.
Adjust Story Font
16

