ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രീയ സമ്മേളനം; യുഎഇ കാലാവസ്ഥാകേന്ദ്രം ഡയറക്ടർ ഉദ്ഘാടനം ചെയ്തു
ലോക കാലാവസ്ഥ സംഘടനാ തലവൻ ഡോ. അബ്ദുല്ല അൽ മന്തൂസാണ് ഡയറക്ടർ

ദുബൈ: ഇന്ത്യയിൽ നടക്കുന്ന 11-ാമത് കാലാവസ്ഥാ വ്യതിയാന ശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് യുഎഇ കാലാവസ്ഥാകേന്ദ്രം ഡയറക്ടർ ഡോ.അബ്ദുല്ല അൽ മന്തൂസ്. ലോക കാലാവസ്ഥാ സംഘടനയുടെ (WMO) തലവൻ കൂടിയാണ് അദ്ദേഹം.
മേഘ്ദത്ത് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രവിചന്ദ്രൻ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ ഡോ.എം. മൊഹപത്ര എന്നിവരുൾപ്പെടെ നിരവധി പ്രമുഖരും കാലാവസ്ഥാ മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിൽ ഗവേഷണത്തിലും ആധുനിക സാങ്കേതികവിദ്യകളിലുമുള്ള പുരോഗതി നിർണായകമാണെന്ന് ഡോ.അബ്ദുല്ല പറഞ്ഞു. വരൾച്ചയും ജലക്ഷാമവും ലഘൂകരിക്കുന്ന പ്രായോഗിക നടപടികളുടെ ഗവേഷണങ്ങൾ ശക്തമാക്കണം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാലാവസ്ഥാ ശാസ്ത്രത്തിൽ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ നടപ്പാക്കിയ വിവിധ പദ്ധതികളും സമ്മേളനത്തിൽ ചർച്ചയായി.
മഴ വർധിപ്പിക്കൽ, ആലിപ്പഴം, മൂടൽമഞ്ഞ് എന്നിവയുടെ നിയന്ത്രണം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 16 ലധികം ശാസ്ത്രീയ സെഷനുകളും പ്രത്യേക ശിൽപശാലകളും സമ്മേളനത്തിന്റെ ഭാഗമായി. സമ്മേളനം നവംബർ 7 വരെ തുടരും.
Adjust Story Font
16

