കുതിരയുടെ വേർപാടിൽ പൊട്ടിക്കരഞ്ഞ ഇറാഖി ബാലികക്ക് കുതിരകളെ സമ്മാനമായി നൽകി ദുബൈ ഭരണാധികാരി
വേർപെട്ട് പോയ തന്റെ കുതിരയെ കെട്ടിപ്പിടിച്ച് കരയുന്ന ലാനിയ ഫാഖിറ എന്ന ഇറാഖി ബാലികയുടെ വീഡിയോ നിരവധി പേരുടെ കണ്ണുനനയിച്ചിരുന്നു

കുതിരയുടെ വേർപാടിൽ പൊട്ടിക്കരഞ്ഞ ഇറാഖി പെൺകുട്ടിക്ക് കുതിരകളെ സമ്മാനമായി നൽകി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്. പെൺകുട്ടിക്ക് കുതിര സവാരി പരിശീലനകേന്ദ്രം നിർമിച്ചു നൽകാനും അദ്ദേഹം ഉത്തരവിട്ടു.
വേർപെട്ട് പോയ തന്റെ കുതിരയെ കെട്ടിപ്പിടിച്ച് കരയുന്ന ലാനിയ ഫാഖിറ എന്ന ഇറാഖി ബാലികയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളിൽ നിരവധി പേരുടെ കണ്ണുനനയിച്ചിരുന്നു. ഇറാഖിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരയോട്ടക്കാരിയാണ് ലാനിയ. ജെസ്‌നോ എന്ന കുതിരയുടെ വിയോഗവും ലാനിയയുടെ കണ്ണീരും അറബ് നാട്ടിലെ മുഴുവൻ കുതിരപ്രേമികളുടെയും വേദനയായി മാറിയിരുന്നു.
വീഡിയോ ശ്രദ്ധയിൽപെട്ട ദുബൈ ഭരണാധികാരി ഒരു കൂട്ടം കുതിരകളെ ലാനിയക്ക് സമ്മാനമായി നൽകാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. ഒപ്പം ഈ എട്ട് വയസുകാരിയുടെ ആഗ്രഹം പോലെ മറ്റുള്ളവർക്ക് കുതിരയോട്ടം പഠിപ്പിക്കാൻ സ്വദേശമായ ഇറാഖിലെ ഖുർദിസ്ഥാനിൽ ഒരു പരിശീലന കേന്ദ്രം നിർമിച്ചുനൽകാനുള്ള സഹായമെത്തിക്കാനും ശൈഖ് മുഹമ്മദ് ഉത്തരവിട്ടു. അറിയപ്പെടുന്ന കുതിരപ്രേമിയായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം നിരവധി ലോകോത്തര പന്തയ കുതിരകളുടെ കൂടി ഉടമയാണ്.
Adjust Story Font
16

