Quantcast

'യുഎഇ ആർക്കും എളുപ്പത്തിൽ കീഴടക്കാവുന്ന ഇരയല്ല'; പ്രസിഡന്റിന്റെ വാക്കുകൾ നെഞ്ചേറ്റി രാജ്യം

പ്രസംഗത്തിനിടെ അദ്ദേഹം വിരൽ ഉയർത്തി സംസാരിക്കുന്ന ചിത്രം ഇതിനകം തന്നെ രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു

MediaOne Logo

തമീം സിപി

  • Published:

    12 March 2026 6:15 PM IST

യുഎഇ ആർക്കും എളുപ്പത്തിൽ കീഴടക്കാവുന്ന ഇരയല്ല; പ്രസിഡന്റിന്റെ വാക്കുകൾ നെഞ്ചേറ്റി രാജ്യം
X

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കരുത്തും ആത്മവിശ്വാസവും വിളിച്ചോതുന്ന വാക്കുകളാണ് ഇപ്പോൾ രാജ്യമൊട്ടാകെ തരംഗമാകുന്നത്. യുഎഇയിൽ നടന്ന ഇറാനിയൻ ആക്രമണങ്ങളിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകൾ സ്വദേശികളുടെയും പ്രവാസികളുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. 'യുഎഇ സുന്ദരമാണ്, ആകർഷകമാണ്, എന്നാൽ അതിന്റെ പുറംമോടി കണ്ട് ആരും തെറ്റിദ്ധരിക്കേണ്ട, യുഎഇയുടെ തൊലി കട്ടിയുള്ളതും മാംസം കയ്പുള്ളതുമാണ്, ഞങ്ങൾ ആർക്കും എളുപ്പത്തിൽ കീഴടക്കാവുന്ന ഇരയല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

രാജ്യത്തിന്റെ കരുത്തിനെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകൾ സ്വദേശികളും പ്രവാസികളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടുള്ള സ്‌നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിക്കാൻ യുഎഇയിലെ ജനങ്ങൾ വേറിട്ട വഴികളാണ് തെരഞ്ഞെടുക്കുന്നത്. ഫോൺ കെയ്സുകൾ, പേപ്പർ കപ്പുകൾ, കാൻവാസുകൾ,വാൾപേപ്പറുകൾ,വാഹനങ്ങളുടെ ടയർ കവറുകൾ എന്നിവയിലെല്ലാം ഈ വാചകങ്ങളും അദ്ദേഹത്തിന്റെ ചിത്രവും പതിപ്പിച്ചാണ് ജനങ്ങൾ തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്. പ്രസംഗത്തിനിടെ അദ്ദേഹം വിരൽ ഉയർത്തി സംസാരിക്കുന്ന ചിത്രം ഇതിനകം തന്നെ രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു. ബിസിനസ് സ്ഥാപനങ്ങളും വ്യക്തികളും ഒരുപോലെ ഈ വാക്കുകൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ആലേഖനം ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. കേവലം ഒരു പ്രസ്താവന എന്നതിലുപരി, പ്രതിസന്ധികളിൽ തളരാത്ത ഒരു രാജ്യത്തിന്റെ കരുത്തായാണ് ഈ വാക്കുകളെ ജനങ്ങൾ നെഞ്ചിലേറ്റുന്നത്.

ആക്രമണങ്ങളിൽ പരിക്കേറ്റ സ്വദേശികളെയും വിദേശികളെയും ഒരുപോലെ ചേർത്തുപിടിച്ചുകൊണ്ടാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്. പരിക്കേറ്റ സ്വദേശികൾക്കും, വിദേശികൾക്കും അരികിലെത്തി അദ്ദേഹം ആശ്വാസം പകർന്നു. ഇവരെല്ലാം തന്റെ തോളിലെ വലിയ ഉത്തരവാദിത്തമാണെന്നും, യുഎഇയിലെ ഓരോ താമസക്കാരും തന്റെ കുടുംബത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇയെ സ്‌നേഹിക്കുന്നവരും ഈ നാടിനായി വിയർപ്പൊഴുക്കുന്നവരും ആരായാലും അവർ എമിറാത്തികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രവാസികൾ ഈ പ്രതിസന്ധി ഘട്ടത്തിൽ നൽകുന്ന പിന്തുണയെയും സ്‌നേഹത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

യുഎഇ ഒരിക്കലും തളരില്ലെന്നും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന സൈന്യത്തെ അദ്ദേഹം അഭിനന്ദിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്തു. യുഎഇയുടെ ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ രരാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയുടെ ഐക്യവും കരുത്തും വിളിച്ചോതുന്ന ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഭരണാധികാരിയോടുള്ള ആദരവായി നിറഞ്ഞുനിൽക്കുകയാണ്.

TAGS :

Next Story