Quantcast

യുഎഇ പൊതുമാപ്പ്; പതിനായിരം ഇന്ത്യക്കാർ കോൺസുലേറ്റ് സേവനം തേടി

സെപ്തംബർ ഒന്നു മുതലാണ് യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    23 Oct 2024 11:21 PM IST

Amnesty in the UAE has been extended for two months
X

ദുബൈ: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ ദുബൈ കോൺസുലേറ്റിന്റെ സേവനം നേടിയത് പതിനായിരം ഇന്ത്യക്കാർ. 1500 ലേറെ പേർക്ക് എക്‌സിറ്റ് പെർമിറ്റിന് സഹായം നൽകിയതായും കോൺസുലേറ്റ് അറിയിച്ചു. സെപ്തംബർ ഒന്നു മുതലാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടത്.

ഇതുവരെ പതിനായിരം ഇന്ത്യക്കാർ പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ദുബൈ കോൺസുലേറ്റിനെ സമീപിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിൽ യുഎഇയിൽ തുടരാൻ ആഗ്രഹിച്ച 1300 പേർക്ക് പുതിയ പാസ്‌പോർട്ട് ഇഷ്യൂ ചെയ്തു. 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. 1500ലേറെ പേർക്ക് എക്‌സിറ്റ് പെർമിറ്റിന് സഹായം നൽകിയതായും കോൺസുലേറ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു.

വിവിധ ഇന്ത്യൻ സംഘടനകളുമായി ചേർന്നാണ് ഇത്രയും പേർക്ക് കോൺസുലേറ്റ് സൗകര്യങ്ങൾ ഒരുക്കി നൽകിയത്. പൊതുമാപ്പ് പ്രഖ്യാപിച്ച വേളയിൽ തന്നെ കോൺസുലേറ്റ് ഇന്ത്യക്കാർക്കായി സഹായ കേന്ദ്രം ആരംഭിച്ചിരുന്നു. 2018ൽ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ ഇന്ത്യൻ കോൺസുലേറ്റ് വഴി 4500 എമർജൻസി സർട്ടിഫിക്കറ്റുകളാണ് ഇഷ്യൂ ചെയ്തിരുന്നത്. കുറഞ്ഞ കാലവധിയുള്ള 2500 പാസ്‌പോർട്ടുകളും നൽകിയിരുന്നു.

പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച മാത്രമാണ് ഇനി ബാക്കിയുള്ളത്. ഒക്ടോബർ 31ന് അവസാനിക്കുന്ന പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് പുതിയ വിസയിൽ തിരികെ വരാൻ തടസ്സമില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിഷൻഷിപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story