ഗോൾഡൻ വിസ ഉടമകൾക്ക് കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അടിയന്തര സാഹചര്യങ്ങളിൽ വിദേശത്ത് സഹായം നൽകാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക ഹോട്ട്‌ലൈൻ സജ്ജമാക്കി

ദുബൈ: വിദേശത്തുള്ള ഗോൾഡൻ വിസ ഉടമകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം. ദുരന്തസമയത്തും പ്രതിസന്ധിഘട്ടങ്ങളിലും ഇവരെ അത്യാഹിത ഒഴിപ്പിക്കൽ പദ്ധതികളിൽ ഉൾപ്പെടുത്താനും സംവിധാനം ഒരുക്കും. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളോടൊപ്പം ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കാൻ പ്രവാസികൾക്കായി മന്ത്രാലയം പ്രത്യേക ഹോട്ട്‌ലൈൻ സജ്ജീകരിച്ചിട്ടുണ്ട്.
ഗോൾഡൻ വിസ ഉടമകൾ വിദേശത്ത് വെച്ച് മരണപ്പെട്ടാൽ, അവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്കരിക്കുന്നതിനും വേണ്ട സഹായവും ഈ സേവനത്തിൽ ഉൾപ്പെടുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് പിന്തുണ നൽകുന്നതിനൊപ്പം, ലളിതമായ കോൺസുലാർ നടപടികളിലൂടെ ഈ പ്രവാസികളുടെ കുടുംബങ്ങൾക്ക് എല്ലാ ഇടപാടുകളും വേഗത്തിൽ പൂർത്തിയാക്കാൻ ഇത് സഹായിക്കും.
ഗോൾഡൻ വിസ ഉടമകൾക്ക് ഇപ്പോൾ വിദേശകാര്യ മന്ത്രാലയത്തിൻറെ കോൾ സെന്ററുമായി (+97124931133) നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന ഒരു മികച്ച ഹോട്ട്‌ലൈൻ സജ്ജമാക്കിയിട്ടുണ്ട്. ഈ സേവനങ്ങൾ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകും.
കൂടാതെ, അർഹരായ പ്രവാസികൾക്ക് വിദേശത്ത് വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഒരു ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ് നൽകി യുഎഇയിലേക്കുള്ള മടക്കം ഈ സേവനം എളുപ്പമാക്കും. അധികൃതരുടെ വെബ്സൈറ്റ് വഴി ഇത് ലഭിക്കും.
ഗോൾഡൻ വിസയെക്കുറിച്ച്...
* 2019-ൽ ആദ്യമായി അവതരിപ്പിച്ച ഗോൾഡൻ വിസ യുഎഇയിലെ ഒരു ദീർഘകാല താമസ വിസയാണ്.
* സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിസ ഉടമകളെ അനുവദിക്കുന്നു.
* പൊതു നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, മികച്ച വിദ്യാർഥികൾ, മുന്നണിപ്പോരാളികൾ, എഞ്ചിനീയറിങ്, സയൻസ് സ്പെഷ്യലിസ്റ്റുകൾ എന്നിവരുൾപ്പെടെ വിവിധ വിഭാഗത്തിലുള്ള ആളുകൾ വിസക്ക് അർഹരാണ്.
* അടുത്തിടെ, ദുബായ് മികച്ച ഗെയിമർമാർക്കും, കണ്ടൻറ് ക്രിയേറ്റേഴ്സിനും പ്രതിഭകളായ വിദ്യാർഥികൾക്കും ഗോൾഡൻ വിസ നൽകാൻ തുടങ്ങി. റാസല്ർ ഖൈമ മികച്ച അധ്യാപകർക്ക് ഈ പെർമിറ്റ് വാഗ്ദാനം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. 2024-ൽ അബുദബി സൂപ്പർ യാച്ച് ഉടമകൾക്കും ഈ വിസ വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
* യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റിയുമായോ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സുമായോ ബന്ധപ്പെട്ട് ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. അധികാരികളുടെ നിർദിഷ്ട കേന്ദ്രങ്ങൾ വഴിയോ ഐസിപിയുടെ വെബ്സൈറ്റ് വഴിയോ ഇതിൻറെ നടപടി പൂർത്തിയാക്കാം.
Adjust Story Font
16

