Quantcast

ദുരിതഭൂമികളിൽ കാരുണ്യമായി യു.എ.ഇ; 2021 മുതൽ ചെലവിട്ടത്​ 1300 കോടി ദിർഹം

97 രാജ്യങ്ങളിലെ 1,45,000 സന്നദ്ധപ്രവർത്തകർ കഴിഞ്ഞ വർഷം ഒന്‍പത് കോടിയിലധികം ഗുണഭോക്താക്കൾക്ക് ഭക്ഷണവും സഹായവും നൽകുന്നതിന്​ രംഗത്തിറങ്ങിലതായി ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 Aug 2022 6:59 AM IST

ദുരിതഭൂമികളിൽ കാരുണ്യമായി യു.എ.ഇ; 2021 മുതൽ ചെലവിട്ടത്​ 1300 കോടി ദിർഹം
X

യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകർക്ക്​ നന്ദി പറഞ്ഞ്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. ലോക ജീവകാരുണ്യദിനത്തോടനുബന്ധിച്ച ട്വീറ്റിലാണ്​ ദുരതമനുഭവിക്കുന്ന ജനങ്ങൾക്ക്​ സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങുന്നവരെ ഓർമിച്ചത്​.

97 രാജ്യങ്ങളിലെ 1,45,000 സന്നദ്ധപ്രവർത്തകർ കഴിഞ്ഞ വർഷം ഒന്‍പത് കോടിയിലധികം ഗുണഭോക്താക്കൾക്ക് ഭക്ഷണവും സഹായവും നൽകുന്നതിന്​ രംഗത്തിറങ്ങിയതായി ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി 2021ൽ 110 കോടി ദിർഹം ചെലവഴിച്ചിട്ടുണ്ട്​. ഫൗണ്ടേഷന്‍റെ വാർഷിക റിപ്പോർട്ടനുസരിച്ച്, കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ഏറ്റവും കൂടുതൽ ഗുണഭോക്താക്കളിൽ എത്താൻ കഴിഞ്ഞ വർഷം സാധിച്ചു. ലോക ജീവകാരുണ്യ പ്രവർത്തന ദിനത്തിൽ ശൈഖ്​ സായിദ്​ ബിൻ സുൽത്താനെ സ്മരിക്കുന്നതായും ശൈഖ്​ മുഹമ്മദ്​ ട്വീറ്റിൽ കൂട്ടിച്ചേർത്തു.

ലോകത്താകാമാനം ദുരിതമനുഭവിക്കുന്ന ജീവിതങ്ങളിലേക്ക്​ കാരുണ്യത്തിന്‍റെ കരം നീട്ടാൻ യു.എ.ഇക്കായി. ഭക്ഷണവും വസ്​ത്രവും മറ്റ് അടിസ്ഥാന വിഭവങ്ങളുമില്ലാതെ പ്രയാസപ്പെടുന്ന ലക്ഷക്കണക്കിന്​ മനുഷ്യരിലേക്ക്​ സാന്ത്വനമാകാൻ 2021 തുടക്കം മുതൽ കഴിഞ്ഞ 20 മാസങ്ങളിൽ മാത്രം യു.എ.ഇ ചെലവഴിച്ചത്​ 1300 കോടി ദിർഹമാണ് (ഏകദേശം 26,000കോടി രൂപ)​.

ലോക ജീവകാരുണ്യദിനമായ വെള്ളിയാഴ്ച വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ്​ ഈ കണക്കുകൾ വെളിപ്പെടുത്തിയത്​. യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്ട്രം സ്ഥാപിതമായ തത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന്​ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകനായ ഡോ. അൻവർ ഗർഗാഷ്​ ട്വിറ്ററിൽ കുറിച്ചു.

TAGS :

Next Story