Quantcast

'പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നു'; ഇസ്രായേലിനെതിരെ യുഎന്നിൽ യുഎഇ 

ഫലസ്തീൻ ജനതയെ വ്യവസ്ഥാപിതമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും യുഎഇ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    30 May 2025 3:56 PM IST

പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നു; ഇസ്രായേലിനെതിരെ യുഎന്നിൽ യുഎഇ 
X

ദുബൈ: ഗസ്സയിൽ, പട്ടിണിയെ ഇസ്രായേൽ യുദ്ധായുധമായി ഉപയോഗിക്കുകയാണെന്ന് യുഎൻ രക്ഷാസമിതിയിൽ യുഎഇ. ഫലസ്തീൻ ജനതയെ വ്യവസ്ഥാപിതമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും യുഎഇ കുറ്റപ്പെടുത്തി. ഗസ്സ വിഷയത്തിൽ ഇരുപത്തി രണ്ട് അറബ് രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് യുഎന്നിലെ യുഎഇ അംബാസഡർ മുഹമ്മദ് അബൂഷഹാബ് നടത്തിയ പ്രസംഗത്തിലാണ് രൂക്ഷമായ ഭാഷയിൽ ഇസ്രായേലിനെ കടന്നാക്രമിച്ചത്. ഗസ്സയിലേക്ക് ഭക്ഷണം അടക്കമുള്ള സഹായങ്ങൾ എത്തിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ സഹായങ്ങൾ കടലിലെ ഒരു തുള്ളി മാത്രമേയുള്ളൂവെന്ന് അബൂഷഹാബ് ചൂണ്ടിക്കാട്ടി.

ഗസ്സ അതിർത്തിയിൽ 1,60,000 ടൺ ഭക്ഷണവസ്തുക്കളാണ് കെട്ടിക്കിടക്കുന്നത്. കെറെം ഷാലോം ക്രോസിങ് വഴി 408 ട്രക്കുകൾക്ക് മാത്രമാണ് ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ അനുമതി നൽകിയത്. ഇതിൽ 115 ട്രക്കുകൾക്ക് മാത്രമേ ഭക്ഷണവിതരണം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. ഇരുപത് ലക്ഷത്തിലേറെ ഫലസ്തീനികളാണ് ആവശ്യത്തിന് ഭക്ഷണവും മരുന്നും കിട്ടാതെ ദുരിതമനുഭവിക്കുന്നത് - അബൂ ഷഹാബ് പറഞ്ഞു.

ഗസ്സയ്ക്കകത്ത് തങ്ങൾ സഹായവിതരണ സംവിധാനം ഒരുക്കാമെന്ന ഇസ്രായേൽ വാഗ്ദാനം സൗദി അറേബ്യ, ലബനൻ, സുഡാൻ, ഈജിപ്ത് തുടങ്ങിയവർ കൂടി അടങ്ങുന്ന അറബ് ഗ്രൂപ്പ് തള്ളി. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള മാനുഷിക സഹായപദ്ധതി നടപ്പാക്കണമെന്നും ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഗസ്സയുടെ പുനർനിർമാണത്തിനായി ഈജിപ്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച പദ്ധതിക്ക് സമ്പൂർണ പിന്തുണ നൽകുന്നതായും അറബ് രാഷ്ട്രങ്ങൾ അറിയിച്ചു.

TAGS :

Next Story