യുഎഇയിൽ ജനനനിരക്ക് കുറയുന്നതായി റിപ്പോർട്ട്, ജീവിതച്ചെലവ്, ജോലി, ആരോഗ്യപ്രശ്നങ്ങൾ എന്നിവ പ്രധാന കാരണങ്ങൾ
സമൂഹവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഭരണകൂടം

ദുബൈ: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ യുഎഇ സ്വദേശികൾക്കിടയിൽ ജനനനിരക്ക് ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകൾ. ഈ വെല്ലുവിളി പരിഹരിക്കുന്നതിനും യുവകുടുംബങ്ങളെ സഹായിക്കുന്നതിനുമായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. 2014 മുതൽ 2023 വരെയുള്ള പത്ത് വർഷത്തിനിടയിൽ യുഎഇ സ്വദേശികളുടെ ജനനനിരക്കിൽ 13.55 ശതമാനം കുറവാണ് ഉണ്ടായത്.
2014 ൽ 34,618 ആയിരുന്ന നവ ജനനങ്ങൾ 2023-ൽ 29,926 ആയി കുറഞ്ഞു. വർധിച്ചുവരുന്ന ജീവിതച്ചെലവ്, ജീവിതനിലവാരം നിലനിർത്താനുള്ള ആഗ്രഹം, വീട്, കുട്ടികളുടെ വിദ്യാഭ്യാസം, മറ്റു നിത്യോപയോഗ ചെലവുകൾ എന്നിവയാണ് കുടുംബങ്ങൾ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താൻ കാരണങ്ങളാകുന്നത്.
മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുന്നവരാണെങ്കിൽ കുട്ടികളെ വളർത്താനുള്ള ബുദ്ധിമുട്ടും സമയക്കുറവും മറ്റൊരു കാരണമാണ്. ജോലിസ്ഥലത്തെ സമ്മർദവും ദൂരയാത്രകളും ഗർഭധാരണം വൈകിപ്പിക്കാൻ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. മിക്ക ദമ്പതികളും മൂന്ന് കുട്ടികളിലോ അതിൽ താഴെയോ ആയി കുടുംബം ചുരുക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.
പല സ്ത്രീകളും നേരിടുന്ന ഹോർമോൺ വ്യതിയാനങ്ങൾ, സ്ത്രീകൾ പഠനത്തിനോ കരിയറിനോ വേണ്ടി വിവാഹം വൈകിപ്പിക്കുന്നത് തുടങ്ങിയവ ഗർഭധാരണ സാധ്യതകൾ കുറക്കുന്നുവെന്നാണ് നിരീക്ഷണങ്ങൾ. ഈ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിനായി, മിനിസ്ട്രി ഓഫ് ഫാമിലി വിവിധ സഹായങ്ങൾ നൽകുന്നുണ്ട്. സ്വദേശി കുടുംബങ്ങളുടെ വിവാഹച്ചെലവുകൾ കുറക്കുന്നതിനായി സമൂഹവിവാഹങ്ങൾ സംഘടിപ്പിക്കുകയും നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു. കുടുംബങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് 2026-നെ കുടുംബ വർഷമായും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

