ഒറ്റ ക്ലിക്കിൽ ജീവൻ നഷ്ടപ്പെടാം!; ഓൺലൈൻ പെപ്റ്റൈഡുകളിൽ വീണുപോകരുത്, യുഎഇയിലെ ആരോഗ്യ വിദഗ്ധർ പറയുന്നു...
പ്രമോഷൻ ചെയ്ത് 14 പ്രമുഖ ഇൻഫ്ലുവൻസർമാർക്കെതിരെ കേസ് എടുത്തിരുന്നു


ദുബൈ: ഓൺലൈനുകളിൽ പ്രചരിക്കുന്ന പെപ്റ്റൈഡ് കുത്തിവെപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇയിലെ ആരോഗ്യ വിദഗ്ധർ. വണ്ണം കുറക്കാനും ചർമ്മ സംരക്ഷണത്തിനും എന്ന പേരിൽ പ്രചരിച്ച അംഗീകാരമില്ലാത്ത വ്യാജ പെപ്റ്റൈഡ് ഉൽപന്നങ്ങൾ വിപണനം നടത്തിയതിന് 71 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും 14 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാരുടെ കർശന നിർദേശങ്ങൾ വരുന്നത്.
ഡോക്ടറുടെ കുറുപ്പടിയില്ലാതെ സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ വീണ് സ്വയം പെപ്റ്റൈഡ് കുത്തിവെപ്പുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. ശരീരഭാരം കുറയ്ക്കാനും, ഊർജവും പേശീബലവും വർധിപ്പിക്കാനും, പ്രായമാകൽ തടയാനുമാണ് പലരും ഇത്തരം ചികിത്സാ രീതികളെ ആശ്രയിക്കുന്നത്. എന്നാൽ വ്യാജ ഉൽപന്നങ്ങളുടെ ഉപയോഗം ജീവിതം തന്നെ നഷ്ടപ്പെടാൻ കാരണമായേക്കും. ഉൽപന്നങ്ങളുടെ ഗുണനിലവാരമില്ലായ്മ മാത്രമല്ല ഇവിടത്തെ വില്ലൻ. ഡോക്ടറുടെ മേൽനോട്ടമില്ലാതെയാണ് ഇവ ശരീരത്തിൽ കുത്തിവെക്കുന്നത് എന്നതും അപകടത്തിന്റെ തോത് വർധിപ്പിക്കുന്നുവെന്ന് 'മെറ്റബോളിക്' ക്ലിനിക്കിലെ മെഡിക്കൽ ഡയറക്ടറും പ്രമേഹ രോഗ വിദഗ്ധനുമായ ഡോ. യൂസഫ് സഈദ് പറഞ്ഞു.
രക്തപരിശോധനകളോ മറ്റ് മെഡിക്കൽ പരിശോധനകളോ കൂടാതെയാണ് പലരും ഓൺലൈൻ വഴി വാങ്ങി ഇവ ഉപയോഗിക്കുന്നത്. ഇത് കരൾ, പ്രമേഹ നിരക്ക്, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന് ആരും തിരിച്ചറിയുന്നില്ല. പല ഉൽപന്നങ്ങളും 'നാച്ചുറൽ' അല്ലെങ്കിൽ 'ആന്റി-ഏജിങ്' എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിൽക്കുന്നത്. എന്നാൽ കൃത്യമായ ക്ലിനിക്കൽ ട്രയലുകളോ ക്വാളിറ്റി കൺട്രോളോ ഇവയ്ക്ക് ഉണ്ടായിരിക്കില്ല.
ആരോഗ്യ പ്രശ്നങ്ങളും ലക്ഷണങ്ങളും
ശരിയായ രോഗനിർണയം കൂടാതെ പെപ്റ്റൈഡുകൾ ഉപയോഗിക്കുന്നത് വഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, രക്തസമ്മർദ്ദത്തിലെ മാറ്റങ്ങൾ, ദ്രാവകം കെട്ടിക്കിടക്കൽ, ഗ്ലൂക്കോസ് അസഹിഷ്ണുത എന്നിവ ഉണ്ടാകാമെന്ന് എൻഡോക്രൈനോളജിസ്റ്റ് ഡോ. ഇസ്മായിൽ അർസ്‌ലാൻ വ്യക്തമാക്കി.
കരൾ, വൃക്ക, തൈറോയ്ഡ് പ്രവർത്തനങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ പെപ്റ്റൈഡ് ചികിത്സ പരിഗണിക്കാൻ പാടുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഫ്ലുവൻസർമാരുടെ പ്രചരണങ്ങളിൽ വീഴരുത്
നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട ഇൻഫ്ലുവൻസർമാർ വൈകാരികമായ ഭാഷയിൽ സംസാരിക്കുമ്പോൾ, ഡോക്ടർമാർ ശാസ്ത്രീയമായ കാര്യങ്ങളാണ് പറയുന്നതെന്ന് സൈക്കോളജിസ്റ്റ് ഹിബ ബദവി ചൂണ്ടിക്കാട്ടി.
പെട്ടെന്നുള്ള മാറ്റങ്ങൾ ആഗ്രഹിക്കുന്ന ആളുകൾ പ്രായമാകുന്നതിലുള്ള ഭയം കാരണമാണ് ഇത്തരം വാഗ്ദാനങ്ങളിൽ പെട്ടെന്ന് വീണുപോകുന്നത്. ലൈസൻസുള്ള ഫാർമസികൾ വഴി മാത്രമേ അംഗീകൃത മരുന്നുകൾ ലഭ്യമാകൂ എന്നും, സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ഉൽപന്നങ്ങൾ വ്യാജമോ വിഷാംശം കലർന്നതോ തെറ്റായ അളവിലുള്ളതോ ആകാം എന്നും ഫാർമസിസ്റ്റ് മൊവഫാക് അൽസദീഖ് മുന്നറിയിപ്പ് നൽകി. ഇത്തരം ഉൽപന്നങ്ങൾ നിലവിൽ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അത് നിർത്തിവെക്കണമെന്നും, എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടനടി അടുത്തുള്ള മെഡിക്കൽ സെന്ററിനെ സമീപിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Adjust Story Font
16
