Quantcast

യുഎഇ സമ്പദ് വ്യവസ്ഥ; 2025ൽ 4.8% വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക് റിപ്പോർട്ട്

ജി.സി.സിയിലെ ഏറ്റവും വലിയ വളർച്ചയാണിത്

MediaOne Logo

Web Desk

  • Published:

    5 Dec 2025 4:11 PM IST

UAE economy to grow by 4.8% in 2025, World Bank report says
X

ദുബൈ: 2025-ൽ യു.എ.ഇ സമ്പദ്‌വ്യവസ്ഥ 4.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. ഗൾഫ് ഇക്കണോമിക് ഔട്ട് ലുക്ക് എന്ന ഏറ്റവും പുതിയ റിപ്പോർട്ടിലാണ് വിശദീകരണം. എണ്ണ, എണ്ണയിതര മേഖലകളിൽ സന്തുലിതമായി യു.എ.ഇ വളർച്ച തുടരുന്നതായി റിപ്പോർട്ട് സാക്ഷ്യപ്പെടുത്തി. കയറ്റുമതി അടിത്തറ വൈവിധ്യവത്കരിക്കുന്നതിൽ രാജ്യം മുൻപന്തിയിലാണ്. 2025 ൽ യഥാർത്ഥ ജിഡിപി 4.8% ആയി വളരുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.

മറ്റു ​ഗൾഫ് രാജ്യങ്ങളുടെ വളർച്ചയിൽ സൗദിയുടെ സമ്പദ് വ്യവസ്ഥ 3.8%, ബഹ്‌റൈൻ 3.5%, ഒമാൻ 3.1%, ഖത്തർ 2.8%, കുവൈത്ത് 2.7% എന്നിങ്ങനെയാണ്. ഒരു ദശകത്തിനിടെയുള്ള ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളുടെ ഫലങ്ങൾ റിപ്പോർട്ട് പരിശോധിച്ചു. റിപ്പോർട്ടിൽ ​ഗൾഫിലെ ഡിജിറ്റൽ പരിവർത്തനം എന്ന തലക്കെട്ടിൽ കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക വൈവിധ്യവത്കരണ സൂചകങ്ങളുടെ പുരോഗതി, സമ്പദ്‌വ്യവസ്ഥയിലെ സൂക്ഷ്മ വികാസങ്ങൾ, ഡിജിറ്റൽ പരിവർത്തനത്തിന്റെ പ്രാധാന്യം എന്നിവ എടുത്തുകാട്ടി. ഗൾഫ് മേഖലയിൽ എഐ സാങ്കേതികവിദ്യക്ക് ലഭിച്ച സ്വീകാര്യതയും റിപ്പോർട്ട് അടിവരയിട്ടു.

എല്ലാ ജിസിസി രാജ്യങ്ങളിലും 5G നെറ്റ്‌വർക്കുകൾക്ക് 90% കവറേജുള്ള വിപുലമായ ശൃംഖലകളും ഹൈ-സ്പീഡ് ഇന്റർനെറ്റും ലഭ്യമാണ്. ഈ മേഖലയിൽ യു.എ.ഇ.യും സൗദി അറേബ്യയും പ്രാദേശിക- അന്താരാഷ്ട്ര തലത്തിൽ മുൻ നിരയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എഐ മേഖലയിൽ വളർച്ച നേടുന്നതിനോടൊപ്പം തൊഴിൽ നഷ്ടത്തിന് മുൻകൂട്ടി പരിഹാരം കാണണമെന്ന് ലോകബാങ്ക് ജിസിസി ഡയറക്ടർ സഫാ അൽ തായിബ് പറഞ്ഞു.

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം എന്നീ മേഖലകളിൽ ഗൾഫ് സ്ത്രീകളുടെ പങ്കാളിത്തം ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് എടുത്തുപറഞ്ഞു. ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ എ.ഐ പിന്തുണ വ്യാപിപ്പിക്കാനും തൊഴിൽ വിപണിയിലെ കുറവുകൾ നികത്താനും പരിശീലന പരിപാടികൾ നടപ്പാക്കാൻ റിപ്പോർട്ട് ശിപാർശ ചെയ്തു.

TAGS :

Next Story