Quantcast

തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതാ വെരിഫിക്കേഷൻ: പുതിയ സംവിധാനം അവതരിപ്പിച്ച് യുഎഇ

തൊഴിൽ ആവശ്യത്തിനുള്ള അറ്റസ്റ്റേഷൻ അടക്കമുള്ള നടപടികൾ വേഗത്തിലാകുമെന്ന് പ്രതീക്ഷ

MediaOne Logo

Web Desk

  • Published:

    26 May 2025 10:43 PM IST

UAE introduces new system for verification of educational qualifications
X

ദുബൈ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതാ വെരിഫിക്കേഷന് പുതിയ സംവിധാനം അവതരിപ്പിച്ച് യുഎഇ. നിയമനം അടക്കമുള്ള കാര്യങ്ങൾ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഇതോടെ, തൊഴിൽ ആവശ്യത്തിനുള്ള അറ്റസ്റ്റേഷൻ അടക്കമുള്ള നടപടികൾ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് മാനവവിഭശേഷി-സ്വദേശിവൽക്കരണ വകുപ്പാണ് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചത്. ഗവൺമെന്റ് നടപടികൾ പരമാവധി ഡിജിറ്റൽ സേവനങ്ങൾ വഴി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്ലാറ്റ്‌ഫോം. യുഎഇക്ക് പുറത്തുനിന്ന് അക്കാദമിക ബിരുദങ്ങൾ നേടിയ എല്ലാവർക്കും ഈ സേവനം ബാധകമാണ്. ഭാവിയിൽ യുഎഇയിൽ നൽകുന്ന ബിരുദങ്ങൾ കൂടി ഉൾപ്പെടുത്തി സേവനം വിപുലീകരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഗവൺമെന്റ് സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും നേരിട്ടുള്ള ഡിജിറ്റൽ പരിശോധനയിലൂടെ അക്കാദമിക് യോഗ്യതകളുടെ കൃത്യതയും ആധികാരികതയും ഉറപ്പാക്കാൻ പുതിയ സംവിധാനം സഹായിക്കും. 'അക്കാദമിക് ക്വളിഫിക്കേഷൻ വെരിഫിക്കേഷൻ പൊജക്ട്' എന്നു പേരിട്ടിരിക്കുന്ന സംവിധാനം നിയമനം അടക്കമുള്ള പ്രക്രിയകൾ ലളിതമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, രാജ്യത്തുടനീളമുള്ള ബിസിനസ് സേവന കേന്ദ്രങ്ങൾ എന്നിവ വഴി ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകും.

നിലവിൽ രാജ്യത്ത് ജോലി ചെയ്യാൻ യോഗ്യതയുണ്ടെന്ന് തെളിയിക്കാൻ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടത് നിർബന്ധമാണ്. പ്രവാസികൾ സർട്ടിഫിക്കറ്റുകൾ അവരുടെ മാതൃരാജ്യത്ത് നിന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഈ പ്രക്രിയക്ക് 10 പ്രവൃത്തി ദിവസമോ അതിൽ കൂടുതലോ എടുക്കാറുണ്ട്. ഈ സർട്ടിഫിക്കറ്റുകൾ യുഎഇയിലെ പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് ദിവസമെടുക്കും. പുതിയ പദ്ധതി ആരംഭിച്ചതോടെ നടപടിക്രമങ്ങൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story