പുതിയ സർവേ: അറബ് യുവാക്കളുടെ ഇഷ്ടരാജ്യം യു.എ.ഇ
തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, മേഖലയിലെ സാംസ്‌കാരിക സമ്പന്നത തുടങ്ങിയവയാണ് യുവജനതയെ ഇവിടേക്ക് ആകർഷിക്കുന്നത്
ദുബൈ: അറബ് ലോകത്തെ യുവസമൂഹം ജീവിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം യു.എ.ഇ ആണെന്ന് സർവേ. മൂന്നിൽ രണ്ട് അറബ് യുവതയും താമസിക്കാൻ ഇഷ്ടപ്പെടുന്ന രാജ്യം യു.എ.ഇയാണെന്നാണ് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. തുടർച്ചയായ 11ാം വർഷമാണ് യു.എ.ഇക്ക് ഈ നേട്ടം ലഭിക്കുന്നത്. പബ്ലിക് റിലേഷൻ ഏജൻസിയായ അസ്ദ ബി.സി.ഡബ്ലിയു തയാറാക്കിയ വാർഷിക സർവേയിലാണ് യു.എ.ഇയുടെ മികവ് വ്യക്തമാക്കുന്നത്. 18-24 വയസിനിടയിലുള്ളവരിലാണ് സർവേ നടന്നത്. തങ്ങളുടെ രാജ്യങ്ങളും യു.എ.ഇ പാത പിന്തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിൽ ഭൂരിപക്ഷവും. മിഡ്ൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിലെ 17 രാജ്യങ്ങളിൽ നിന്ന് 3400 പേരാണ് സർവേയിൽ പങ്കെടുത്തത്.
നേരിട്ടുള്ള ഇൻറർവ്യൂ മുഖേനയാണ് റിപ്പോർട്ട് തയാറാക്കിയത്. താമസിക്കാൻ ഇഷ്ടപ്പെട്ട നഗരം ഏതെന്ന ചോദ്യത്തിന് 57 ശതമാനം പേരും യു.എ.ഇ എന്നാണ് മറുപടി നൽകിയത്. തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, മേഖലയിലെ സാംസ്‌കാരിക സമ്പന്നത തുടങ്ങിയവയാണ് യുവജനതയെ ഇവിടേക്ക് ആകർഷിക്കുന്നത്. രണ്ടാം സ്ഥാനത്ത് യു.എസ് ആണ്. 24 ശതമാനം പേരാണ് യു.എസ് തെരഞ്ഞെടുത്തത്. കനഡയിൽ താമസിക്കാൻ 20 ശതമാനം പേരും ഫ്രാൻസ്, ജർമനി രാജ്യങ്ങളിൽ താമസിക്കാൻ 15 ശതമാനം പേരും ആഗ്രഹിക്കുന്നു. ആദ്യ സർവേ നടന്ന 2012ൽ 33 ശതമാനം പേരായിരുന്നു യു.എ.ഇയെ ഇഷ്ട നഗരമായി തെരഞ്ഞെടുത്തത്. 2014ൽ ഇത് 39 ശതമാനമായി ഉയർന്നെങ്കിലും 2015ൽ 20 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ഗ്രാഫ് ഉയർന്നു.
27 ശതമാനം പേരെയും ആകർഷിച്ചത് യു.എ.ഇയിലെ വളരുന്ന സാമ്പത്തിക മേഖലയാണ്. അതേസമയം, ജീവിതചെലവ് ഉയരുന്നത് 45 ശതമാനം പേരും തൊഴിലില്ലായ്മ 27 ശതമാനം പേരും കാലാവസ്ഥ വ്യതിയാനം 18 ശതമാനം പേരും പ്രശ്‌നങ്ങളായി കാണുന്നു.
UAE is the country of choice for Arab youth in New survey
Adjust Story Font
16