ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ചവരെ തേടി യുഎഇ
സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ സഹായം; ബിസിനസ് ലീഡർഷിപ്പ് അക്കാദമി ആരംഭിക്കുന്നു

ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ചവരെ ആകർഷിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി. സ്റ്റാർട്ടപ്പുകളെ സഹായിക്കാനുള്ള പദ്ധതികളും ബിസിനസ് ലീഡർഷിപ്പ് അക്കാദമിയും പുതിയ പ്രഖ്യാപനത്തിലുണ്ട്.
സാമ്പത്തികകാര്യ മന്ത്രാലയത്തിലാണ് പദ്ധതികളുടെ പ്രഖ്യാപനം നടന്നത്. ബിസിനസ് രംഗത്ത് യുവാക്കളെ ഉയറത്തികൊണ്ടുവരുന്നതിന് 'സ്‌കിൽ അപ്പ്' എന്ന പേരിലാണ് അക്കാദമി സ്ഥാപിക്കുക. 'സ്‌കെയിൽ അപ്പ്' എന്ന പ്ലാറ്റ്‌ഫോമാണ് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനായി രൂപപ്പെടുത്തുന്നത്. 'ഗ്രോ ഇൻ യുഎഇ' എന്ന പേരിൽ നിക്ഷേപനയങ്ങളും അവസരങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന സംയോജിത സംവിധാനവും ആരംഭിക്കും.
യുവാക്കളെയും പ്രഗത്ഭരായ പ്രതിഭകളെയും രാജ്യത്തേക്ക് ആകർഷിക്കാൻ വ്യക്തമായ ദേശീയ അജണ്ട രൂപപ്പെടുത്തിയതായി ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ വിപണികളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കുടുംബ ബിസിനസുകൾക്കുള്ള സഹായപദ്ധതിയും അന്താരാഷ്ട്ര സർവകലാശാലകളുമായി ചേർന്ന് സാമ്പത്തിക ശാസ്ത്ര ഗവേഷണ സ്ഥാപനം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ പുതിയ സാമ്പത്തിക അവസരങ്ങൾ അടിസ്ഥാനമാക്കി ആഗോള നിക്ഷേപ സമ്മേളനവും പദ്ധതിയുടെ ഭാഗമായി നടക്കും. അടുത്ത വർഷം മാർച്ച് 22നാണ് ഇത് സംഘടിപ്പിക്കപ്പെടുക. രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ മുന്നോട്ടുപോവുകയാണെന്നും എല്ലാ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും അടുത്ത 50 വർഷത്തേക്കുള്ള മുന്നേറ്റത്തിന്റെ പാതയിലാണെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
Adjust Story Font
16

