Quantcast

യുഎഇ ദേശീയ ദിനം, ആഘോഷങ്ങളിൽ 11 കാര്യങ്ങൾക്ക് നിരോധനം

ഗതാഗത തടസ്സമുണ്ടാക്കുക, സ്റ്റണ്ട് ഡ്രൈവിങ് ഉൾപ്പെടെയാണ് നിരോധിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-11-26 10:23:37.0

Published:

26 Nov 2025 3:29 PM IST

യുഎഇ ദേശീയ ദിനം, ആഘോഷങ്ങളിൽ 11 കാര്യങ്ങൾക്ക് നിരോധനം
X

ദുബൈ: യുഎഇ ദേശീയ ദിന ആഘോഷത്തിൻ്റെ ഭാഗമായി 11 കാര്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി അധികൃതർ. നിയമലംഘകർക്ക് വാഹനങ്ങൾ പിടിച്ചെടുക്കൽ, പിഴ ചുമത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. തങ്ങളുടെ 54-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് യുഎഇ. ദേശീയ ദിനം സുരക്ഷിതമായ രീതിയിലും നിയമങ്ങൾ പാലിച്ചും ആഘോഷിക്കാൻ താമസക്കാർക്ക് പ്രോത്സാഹനമുണ്ട്. എന്നാൽ അതിരുകടന്ന 11 തരം പ്രവണതകൾ അധികൃതർ നിരോധിക്കുകയായിരുന്നു.

വാഹനങ്ങളിൽ ഔദ്യോഗിക ദേശീയ ദിന ആഘോഷത്തിൻ്റെ സ്റ്റിക്കർ പതിക്കുക, ആഘോഷം അടയാളപ്പെടുത്തി യുഎഇ പതാക ഉയർത്തുക തുടങ്ങിയ കാര്യങ്ങൾ അധികൃതർ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം ജീവൻ അപകടപ്പെടുത്തുന്നതോ ഗതാഗത തടസ്സമുണ്ടാക്കുന്നതോ ആയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

അനധികൃതമായി കൂട്ടംചേരുക, ഗതാഗത തടസ്സമുണ്ടാക്കുകയോ പൊതു റോഡുകൾ തടയുകയോ ചെയ്യുക, സ്റ്റണ്ട് ഡ്രൈവിങ് നടത്തുക, ഡോറുകളിലൂടെയോ സൺറൂഫുകളിലൂടെയോ പുറത്തേക്ക് ചാഞ്ഞ് നിൽക്കുകയോ തൂങ്ങിക്കിടക്കുകയോ ചെയ്യുക, അനധികൃതമായ രൂപമാറ്റങ്ങൾ വരുത്തുകയോ അമിതമായ ശബ്ദമുണ്ടാക്കുകയോ ചെയ്യുക, ദേശീയ ദിന ആഘോഷവുമായി ബന്ധമില്ലാത്ത സ്കാർഫുകൾ ധരിക്കുക, യുഎഇ പതാകയല്ലാതെ മറ്റേതെങ്കിലും പതാക ഉയർത്തുക, വാഹനങ്ങളിൽ സ്പ്രേ പെയിന്റ് ഉപയോഗിക്കുക, ദേശീയ ദിന ആഘോഷവുമായി ബന്ധമില്ലാത്ത പാട്ടുകൾ അത്യുച്ചത്തിൽ വെക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് അധികൃതർ നിരോധനം ഏർപ്പെടുത്തിയത്.

TAGS :

Next Story