Quantcast

എണ്ണച്ചോർച്ച; ഉമ്മുൽ ഖുവൈനിലെ ബീച്ചുകൾ അടച്ചു

പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്

MediaOne Logo

Gulf Desk

  • Published:

    23 Oct 2026 8:21 AM IST

എണ്ണച്ചോർച്ച; ഉമ്മുൽ ഖുവൈനിലെ ബീച്ചുകൾ അടച്ചു
X

അബൂദബി: യുഎഇയിൽ ഒരു ടാങ്കറിൽനിന്നുണ്ടായ എണ്ണച്ചോർച്ചയെ തുടർന്ന് ഉമ്മുൽ ഖുവൈനിലെ മുഴുവൻ ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചു. എണ്ണച്ചോർച്ച നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിച്ചതായി യുഎഇ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. യുഎഇയുടെ സാങ്കേതിക നിരീക്ഷണ സംവിധാനത്തിലൂടെയാണ് എണ്ണച്ചോർച്ച കണ്ടെത്തിയത്. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പ്രദേശത്ത് എണ്ണ പടരുന്നത് തടയാനും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും പ്രത്യേക സംഘങ്ങൾ രംഗത്തുണ്ട്.

എണ്ണച്ചോർച്ചയുടെ വ്യാപ്തി കണ്ടെത്തുന്നതിനും സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുമായി തീരപ്രദേശങ്ങളിൽ പരിശോധനയും തുടരുകയാണ്. റെസ്പോൺസ് ടീമിന്റെ പരിശോധന പൂർത്തിയാക്കി ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കുന്നതുവരെ ബീച്ചുകൾ അടഞ്ഞുകിടക്കും. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ അനുഭവപ്പെട്ട ദുർഗന്ധത്തെക്കുറിച്ചും മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഭീഷണിയല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണം. എണ്ണച്ചോർച്ച ബാധിച്ച പ്രദേശങ്ങളിൽ മത്സ്യബന്ധനം ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സ്ഥിതി​ഗതികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story