Quantcast

പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി യു.എ.ഇ; മലയാളം ഖുത്തുബയുള്ള മൂന്ന് ഈദ്ഗാഹുകൾ

ഇത്തവണ ദുബൈയിലും ഷാർജയിലുമായി മലയാളത്തിൽ ഖുത്തുബ നിർവഹിക്കുന്ന മൂന്ന് ഈദ്ഗാഹുകൾ സജ്ജമായിരിക്കും

MediaOne Logo

Web Desk

  • Published:

    27 Jun 2023 10:51 PM IST

eid day
X

Representative image

ദുബൈ: ബലി പെരുന്നാളിനെ വരവേൽക്കാൻ യുഎഇയിലെ പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങി. ഇത്തവണ ദുബൈയിലും ഷാർജയിലുമായി മലയാളത്തിൽ ഖുത്തുബ നിർവഹിക്കുന്ന മൂന്ന് ഈദ്ഗാഹുകൾ സജ്ജമായിരിക്കും. രാവിലെ 5.44 മുതൽ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്കാരം ആരംഭിക്കും.

ദുബൈ അൽഖൂസിലെ അൽമനാർ സെന്റർ ഈദ്ഗാഹിന് പുറമെ, ഇത്തവണ ദുബൈ മുഹൈസിന 2 വിലും മലയാളത്തിൽ ഖുത്തുബയുള്ള ഈദ്ഗാഹുകളുണ്ടാകും. ഇന്ത്യൻ ഇസ്ലാഹി സെന്ററാണ് മുഹൈസിനയിൽ മലയാളം ഖുത്തുബയുള്ള ഈദ്ഗാഹ് ഒരുക്കുന്നത്. അൽമനാർ സെന്ററിൽ മൗലവി അബ്ദുസലാം മോങ്ങവും, മുഹൈസിനയിൽ ഹുസൈൻ കക്കാടും നമസ്കാരത്തിന് നേതൃത്വം നൽകും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ മലയാളി ഈദ്ഗാഹിന് ഹുസൈൻ സലഫി നേതൃത്വം നൽകും.

അൽ മനാർ സെന്ററിന് കീഴിൽ ഖിസൈസ് ക്രിസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ തമിഴിലും, അൽ ബർഷ ത്രീയിലെ നെക്സ്റ്റ് ജനറേഷൻ സ്കൂളിൽ ഇംഗ്ലീഷിലും ഖുത്തുബയുള്ള ഈദ്ഗാഹ് ഒരുക്കുന്നുണ്ട്. ദുബൈയിൽ 5.50 നും, ഷാർജയിൽ 5.47 നും നമസ്കാരം നടക്കും. അബൂദബിയിൽ 5.53 നാണ് പെരുന്നാൾ നമസ്കാരം. ബലി അറുക്കുന്നതിനും, ഇറച്ചി വിതരണം ചെയ്യുന്നതിനും വിവിധ മുനിസിപ്പാലിറ്റികൾ മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യ അവധിദിനങ്ങളടക്കം ആറ് ദിവസമാണ് യു എ ഇയിൽ പെരുന്നാളിന് അവധി ലഭിക്കുന്നത്.

TAGS :

Next Story