'ആക്രമിച്ചത് ഒമാനി കോ പൈലറ്റ്, ശ്രമിച്ചത് വിമാനം ഇടിച്ചിറക്കാൻ'; ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ
കോക്പിറ്റ് തുറന്നത് റിസർവ് പൈലറ്റ്

ദുബൈ: ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ. തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട 29 വയസുകാരനായ ഒമാനിയായ കോ പൈലറ്റാണ് ആക്രമണം നടത്തിയതെന്നും ചാവേറായി വിമാനം ഇടിച്ചിറക്കാനായിരുന്നു ശ്രമമെന്നും റിപ്പോർട്ടിൽ പറഞ്ഞു. 9/11 ഭീകരാക്രമണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോ പൈലറ്റിന്റെ ആക്രമണമെന്നും വിമാനം ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് ലക്ഷ്യമിട്ടതെന്നും പറഞ്ഞു.
അതേസമയം, പ്രതിയുടെ തൊഴിൽ പശ്ചാത്തലവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. 2020 മുതൽ 2024 വരെ ഒമാൻ എയറിൽ ജോലി ചെയ്ത ഇയാൾ 2025ന്റെ തുടക്കത്തിൽ റോയൽ എയർ മറോക്കിൽ ചേർന്നു. ഏതാനും മാസങ്ങൾ അവിടെ ജോലി ചെയ്തശേഷം 2026 ജനുവരിയിൽ ഫ്‌ളൈ ദുബായിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഒമാനി പൈലറ്റിന്റെ നിയമനത്തിൽ വീഴ്ചയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പൈലറ്റ് ലൈസൻസ്, സ്വഭാവ സർട്ടിഫിക്കറ്റ്, സുരക്ഷ പരിശോധന എന്നിവ നടത്തിയിരുന്നതായും പറഞ്ഞു.
ആക്രമണം നടത്തുന്നതിന് മുന്നോടിയായി ടെൽ അവീവിലേക്കുള്ള രണ്ട് മുൻ യാത്രകൾ ഉപയോഗിച്ച് വിമാനമാർഗവും വിമാനത്താവളവും പരിചയപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നാമത്തെ യാത്രയായ സെപ്റ്റംബർ 30ലെ വിമാന യാത്രയിലാണ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം. വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ വെച്ച് എമർജൻസി കോടാലി ഉപയോഗിച്ച് ക്യാപ്റ്റനെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ പറയുന്നത്.
അതേസമയം, സംഭവത്തിൽ കോക്പിറ്റ് തുറന്നത് റിസർവ് പൈലറ്റെന്നും യുഎഇ വ്യക്തമാക്കി. മടക്ക യാത്രക്ക് നിയോഗിക്കപ്പെട്ട പൈലറ്റ് ആക്‌സസ് കോഡ് ഉപയോഗിച്ചാണ് പൈലറ്റിനെ ആക്രമിച്ചപ്പോൾ കോക്പിറ്റിൽ പ്രവേശിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞു. സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കുന്നതാണ് റിസർവ് പൈലറ്റ് കണ്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. തുടർന്ന് ക്യാബിൻ ക്രൂവിന്റയും യാത്രക്കാരുടെയും സഹായത്തോടെയാണ് ക്യാപ്റ്റനെ രക്ഷപ്പെടുത്തിയതെന്നും പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറാണ് കോക്പിറ്റ് തുറന്നത് എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ.
Adjust Story Font
16

