യുഎഇയിലെ സ്കൂളുകളിൽ ഫോട്ടോ എടുക്കുന്നതിന് വിലക്ക്; രക്ഷിതാക്കൾക്കുള്ള പ്രധാന നിർദേശങ്ങളറിയാം...
മുമ്പ് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ നിർദേശം

ദുബൈ: യുഎഇയിലെ സ്കൂൾ ക്യാമ്പസുകളിൽ നിന്ന് ഫോട്ടോകളും വീഡിയോകളും പകർത്തുന്നതിനും അവ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെക്കുന്നതിനും രക്ഷിതാക്കൾക്ക് കർശന വിലക്ക്. വിദ്യാർഥികളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി ദുബൈയിലെയും ഷാർജയിലെയും പ്രമുഖ സ്കൂളുകൾ രക്ഷിതാക്കൾക്കായി പുതിയ സർക്കുലർ പുറപ്പെടുവിച്ചു. സ്കൂൾ ഗേറ്റുകൾ, ക്ലാസ് മുറികൾ, കോറിഡോറുകൾ, കളിക്കളങ്ങൾ, കുട്ടികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വെച്ച് മറ്റ് വിദ്യാർഥികളുടെയോ അധ്യാപകരുടെയോ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തുവാൻ പാടില്ലെന്നാണ് നിർദേശം.
പ്രൈവസി ലൈൻ കർശനം: കുട്ടികളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന യുഎഇ നിയമങ്ങൾക്ക് അനുസൃതമായാണ് നടപടിയെന്ന് ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ പ്രിൻസിപ്പൽ ശ്രീവത്സൻ മുരുകനും ദുബൈ ജെംസ് വിൻചെസ്റ്റർ സ്കൂൾ സി.ഇ.ഒ മാത്യു ജെയിംസ് ലെക്യൂയറും വ്യക്തമാക്കുന്നു. ഇന്റർനാഷണൽ സ്കൂൾ ഓഫ് ഷുവെയ്ഫാറ്റ്, സാധാരണ സ്കൂൾ ദിനങ്ങളിൽ ക്യാമ്പസിനുള്ളിൽ നിന്നുള്ള ചിത്രീകരണത്തിന് പൂർണ നിരോധനമേർപ്പെടുത്തി.
മുമ്പ് പകർത്തിയ മറ്റ് കുട്ടികളുടെ ചിത്രങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നോ സോഷ്യൽ മീഡിയയിൽ നിന്നോ ഉടൻ നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്. സ്കൂൾ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന ഓപ്പൺ ഈവന്റുകളിലും വിശേഷ ചടങ്ങുകളിലും മാത്രമാണ് ചിത്രീകരണത്തിന് ഇളവുള്ളത്. അപ്പോഴും സ്വന്തം കുട്ടികളുടെ ചിത്രങ്ങൾ മാത്രം പകർത്തുവാൻ ശ്രദ്ധിക്കണം.
Adjust Story Font
16

