നെതന്യാഹുവിനെ തള്ളി, സൗദിയെ ശക്തമായി പിന്തുണച്ച് യുഎഇ
സൗദിയുടെ പരമാധികാരം അലംഘനീയമായ റെഡ് ലൈനാണ്, ഒരു രാജ്യവും അത് ദുർബലമാക്കാനോ ലംഘിക്കാനോ ശ്രമിക്കേണ്ടതില്ലെന്ന് യുഎഇ സഹമന്ത്രി

ദുബൈ: ഫലസ്തീൻ രാഷ്ട്രം സൗദിയിൽ സ്ഥാപിക്കണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരെ യുഎഇ. പ്രസ്താവന പ്രകോപനപരവും അംഗീകരിക്കാൻ കഴിയാത്തതുമാണ് എന്ന് യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദി അറേബ്യയുടെ പരമാധികാരത്തെ അതിശക്തമായി പിന്തുണയ്ക്കുന്ന പ്രസ്താവനയാണ് യുഎഇ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയത്. സൗദിയുടെ പരമാധികാരം അലംഘനീയമായ റെഡ് ലൈനാണ്, ഒരു രാജ്യവും അത് ദുർബലമാക്കാനോ ലംഘിക്കാനോ ശ്രമിക്കേണ്ടതില്ല എന്നാണ് യുഎഇ സഹമന്ത്രി ഖലീഫ ബിൻ ഷാഹീൻ അൽ മറർ വ്യക്തമാക്കിയത്. കടന്നു പോകാൻ കഴിയാത്ത അതിർത്തി എന്നതാണ് റെഡ് ലൈൻ കൊണ്ട് അർത്ഥമാക്കുന്നത്.
നെതന്യാഹുവിന്റേത് പ്രകോപനപരവും അസ്വീകാര്യവുമായ പ്രസ്താവനയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറുകളുടെയും നഗ്നമായ ലംഘനവും. പ്രസ്താവനയെ യുഎഇ സമ്പൂർണമായി നിരാകരിക്കുന്നു. സൗദിയുടെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും മേലുള്ള എല്ലാ ഭീഷണികൾക്കുമെതിരെ ശക്തമായ നിലപാട് കൈക്കൊള്ളുമെന്നും പ്രസ്താവന വ്യക്തമാക്കി.
ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യം സ്വീകരിക്കുന്ന ചരിത്രപരമായ നിലപാട് യുഎഇ ആവർത്തിച്ചു. ഫലസ്തീനികളെ കുടിയിറക്കാനോ അവരുടെ അവകാശങ്ങൾ ഹനിക്കാനോ ഉള്ള ഏതൊരു ശ്രമത്തെയും യുഎഇ നിരാകരിക്കുന്നു. പ്രാദേശിക സുരക്ഷയ്ക്കും സഹവർത്തിത്വത്തിനും ഭീഷണിയാകുന്ന കുടിയേറ്റം നിർത്തണം. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിനുള്ള ഏക പരിഹാരമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
സൗദിയിൽ ധാരാളം സ്ഥലമുണ്ട്, അവിടെ ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും എന്നായിരുന്നു നെതന്യാഹൂവിന്റെ പ്രസ്താവന. പ്രസ്താവനയ്ക്കെതിരെ അറബ് രാഷ്ട്രങ്ങളും കൂട്ടായ്മകളും ഒറ്റക്കെട്ടായി രംഗത്തു വന്നിരുന്നു.
Adjust Story Font
16

