പിഴക്ക് പകരം നാടുകടത്താനാവില്ല; അപ്പീൽ കോടതി വിധി തിരുത്തി സുപ്രീംകോടതി
മയക്കുമരുന്ന് ഉപയോഗക്കേസിൽ പ്രവാസിക്ക് 30,000 ദിർഹം പിഴ പുനഃസ്ഥാപിച്ചു

അജ്മാൻ: പിഴക്ക് പകരമായി വിദേശിയെ നാടുകടത്താൻ നിയമപരമായി കഴിയില്ലെന്ന് യുഎഇ ഫെഡറൽ സുപ്രീംകോടതി വിധി. മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ പ്രവാസിയെ നാടുകടത്താൻ വിധിച്ച അപ്പീൽ കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ വിധിച്ച 30,000 ദിർഹം പിഴ പുനഃസ്ഥാപിച്ചു. ശിക്ഷ മാറ്റിയ അപ്പീൽ കോടതിയുടെ നടപടി നിയമപരമായ പിഴവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഇടപെടലെന്ന് ഇമാറാത്ത് അൽ യൗം പത്രം റിപ്പോർട്ട് ചെയ്തു.യുഎഇയിൽ ജനിച്ചുവളർന്ന പ്രതി കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. നാടുകടത്തൽ തനിക്കും കുടുംബത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മെഥാംഫെറ്റമിൻ, പ്രെഗബാലിൻ എന്നീ സൈക്കോട്രോപിക് പദാർഥങ്ങൾ നിയമാനുമതിയില്ലാതെ രണ്ടാം തവണ ഉപയോഗിച്ചെന്നായിരുന്നു അജ്മാൻ പബ്ലിക് പ്രോസിക്യൂഷൻ കേസ്. തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിക്കാവുന്ന ട്രോപികാമൈഡ് എന്ന പദാർഥം ഉപയോഗിച്ചെന്ന ആരോപണവുമുണ്ടായിരുന്നു. വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ആകെ 30,000 ദിർഹം പിഴ വിധിച്ചു. ഇതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് അജ്മാൻ ഫെഡറൽ അപ്പീൽ കോടതി പിഴക്ക് പകരം നാടുകടത്തൽ ശിക്ഷ വിധിച്ചത്. തുടർന്നാണ് പ്രതി ഫെഡറൽ സുപ്രീംകോടതിയെ സമീപിച്ചത്. നാടുകടത്തൽ റദ്ദാക്കുകയും 30,000 ദിർഹം പിഴ പുനഃസ്ഥാപിക്കുകയുമാണ് സുപ്രീംകോടതി ചെയ്തത്.ഫോറൻസിക് പരിശോധനയിലെ തെളിവുകളുടെ വിശ്വാസ്യത, സാമ്പിൾ ശേഖരിച്ചതിനും പരിശോധനക്ക് നൽകിയതിനുമിടയിലെ കാലതാമസം, അന്വേഷണഘട്ടത്തിൽ പ്രതിയെ ചോദ്യം ചെയ്തില്ലെന്ന പരാതി തുടങ്ങിയ വാദങ്ങളും കോടതി പരിശോധിച്ചു. കുറ്റക്കാരനാണെന്ന കണ്ടെത്തലിന് നിയമപരമായ തെളിവുകളുണ്ടെന്ന് വിലയിരുത്തിയ കോടതി, ശിക്ഷാവിധിക്കെതിരായ പ്രതിയുടെ വാദങ്ങൾ തള്ളി.
യുഎഇയിലെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിലെ ആർട്ടിക്കിൾ 126 പ്രകാരം, ചില സാഹചര്യങ്ങളിൽ തടവുശിക്ഷക്ക് പകരമായി നാടുകടത്തൽ വിധിക്കാൻ കോടതികൾക്ക് അധികാരമുണ്ട്. എന്നാൽ ഈ വ്യവസ്ഥ പിഴക്ക് പകരം വിധിക്കാൻ അധികാരം നൽകുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Adjust Story Font
16

