ഇറാനുമായി വാണിജ്യ ഇടപാടുകൾ നിർത്തിവെച്ച് യുഎഇ
യുഎഇക്ക് നേരെ ഇന്നലെ വൈകുന്നരമുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് തീരുമാനം

ദുബൈ: ഇറാനുമായി വാണിജ്യ ഇടപാടുകൾ നിർത്തിവെച്ച് യുഎഇ. സംഘർഷങ്ങൾക്കിടയിലും യുഎഇ ഇറാനുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന പ്രചാരണം നിഷേധിക്കുന്നതിനൊപ്പമാണ് മുഴുവൻ ഇടപാടുകളും നിർത്തിവെക്കുകയാണെന്ന പ്രഖ്യാപനം പുറത്തുവന്നത്. യുഎഇയുടെ തീരുമാനം ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാണെന്നാണ് അധികൃതർ പറയുന്നത്.
യുഎഇക്ക് നേരെ ഇന്നലെ വൈകുന്നരമുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് ഇറാനുമായി വാണിജ്യ ഇടപാടുകൾ നിർത്തിവെക്കാൻ രാജ്യം തീരുമാനിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനുമായി ധനവിനിമയമോ, വാണിജ്യ ഇടപാടുകളോ ഉണ്ടാവില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ അഫ്ര ഹമേലി അറിയിച്ചു. മേഖലയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനും യുഎഇയും തമ്മിലെ സാമ്പത്തികബന്ധം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടാണ് ഈ തീരുമാനമെന്നും മന്ത്രാലയം വിശദീകരിച്ചു.
വർഷം 29 ബില്യൺ ഡോളറിന്റെ വാണിജ്യ ഇടപാടുകളാണ് യുഎഇയും ഇറാനും തമ്മിലുള്ളത്. യുഎഇയുടെ കപ്പൽ സഞ്ചാരത്തെ ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ ഇറാൻ ആക്രമണമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. എന്നാൽ, രണ്ട് ബാലിസ്റ്റിക് മിസൈലുകളും കടലിൽ പതിക്കുകയായിരുന്നു.
യുഎഇക്ക് എതിരെ ചില മാധ്യമങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് പ്രസിഡന്റിന്റെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷും പ്രതികരിച്ചിട്ടുണ്ട്. തൊഴിലാളികളുടെ റെസിഡന്റ് വിസകൾ അവർ അറിയാതെ യുഎഇ റദ്ദാക്കുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.
Adjust Story Font
16

