Quantcast

സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വിസകള്‍; വിപ്ലവകരമായ മാറ്റങ്ങളുമായി യുഎഇ

ജോലി-വിനോദസഞ്ചാരം-സന്ദര്‍ശനം എന്നിങ്ങനെ വ്യത്യസ്ത സന്ദര്‍ശന ആവശ്യങ്ങള്‍ക്കായി വിവിധ തരത്തിലുള്ള വിസകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

MediaOne Logo

ഹാസിഫ് നീലഗിരി

  • Updated:

    2022-04-20 09:11:25.0

Published:

19 April 2022 8:18 AM GMT

സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വിസകള്‍;   വിപ്ലവകരമായ മാറ്റങ്ങളുമായി യുഎഇ
X

യുഎഇയില്‍ വിസാ നടപടിക്രമങ്ങളില്‍ വലിയ മാറ്റങ്ങളുമായി സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വിസകള്‍ പ്രഖ്യാപിച്ചു.

തിങ്കാഴ്ച പ്രഖ്യാപിച്ച പുതിയ സംവിധാനത്തില്‍, ജോലി-വിനോദസഞ്ചാരം-സന്ദര്‍ശനം എന്നിങ്ങനെ വ്യത്യസ്ത സന്ദര്‍ശന ആവശ്യങ്ങള്‍ക്കായി വിവിധ തരത്തിലുള്ള വിസകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ സ്‌കീമില്‍ തൊഴിലുടമയോ സ്‌പോണ്‍സറോ ആവശ്യമില്ലെന്നതാണ് വലിയ സവിശേഷത. സെപ്തംബറോടെയാവും ഇവ നിലവിൽ വരിക.

പുതിയ പ്രഖ്യാപനപ്രകാരം എല്ലാ എന്‍ട്രി വിസകള്‍ക്കും സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യവും ലഭ്യമാണ്. മാത്രമല്ല, ഇത്തരം വിസകള്‍ സമാന കാലയളവിലേക്ക് പുതുക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വിസകളും അവയുടെ സവിശേഷതകളും പരിശോധിക്കാം.

തൊഴില്‍ വിസ

യുഎഇയിലെ വിശാലമായ തൊഴിലവസരങ്ങളിലേക്ക് യുവ പ്രതിഭകളെയും വിദഗ്ധരേയും ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പുതിയതരം തൊഴില്‍ വിസ അനുവദിക്കുക. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ മാനദണ്ഡത്തിനുകീഴില്‍വരുന്ന പ്രതിഭകള്‍ക്കും ലോകത്തെ ഏറ്റവും മികച്ച 500 സര്‍വകലാശാലകളില്‍ നിന്നുള്ള പുതിയ ബിരുദധാരികള്‍ക്കുമാണ് ഈ വിസ അനുവദിക്കുക.

ബിസിനസ് വിസ

യുഎഇയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങളിലേക്ക് ലോകത്തിന്റെ വിവിധകോണുകളില്‍നിന്നുള്ള നിക്ഷേപകരെയും സംരംഭകരെയും ആകര്‍ശിക്കുന്നതിനായാണ് സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത ബിസിനസ് വിസ സൗകര്യം മുന്നോട്ടുവച്ചിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കായി രാജ്യത്തേക്കുള്ള പ്രവേശനം ഇതിലൂടെ എളുപ്പമാക്കാന്‍ സാധിക്കും.

ടൂറിസ്റ്റ് വിസ

അഞ്ച് വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയാണിത്. സ്‌പോണ്‍സര്‍ ആവശ്യമില്ലെന്നത് തന്നെയാണ് പ്രധാന സവിശേഷത. ഈ വിസയില്‍ യുഎഇയിലെത്തുന്നവര്‍ക്ക് തുടര്‍ച്ചയായി 90 ദിവസം വരെ രാജ്യത്ത് തുടരാന്‍ സാധിക്കും. കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാത്ത രീതിയില്‍ 90 ദിവസത്തേക്ക് കൂടി വിസാ കാലാവധി നീട്ടിയെടുക്കാവുന്നതാണ്.

മാത്രമല്ല, അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ 6 മാസമായി 4,000 ഡോളറിനു തുല്യമായ തുകയായ ഏകദേശം 3 ലക്ഷം രൂപയോളം ഉണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്.

പ്രത്യേക സന്ദര്‍ശന വിസ

യുഎഇ പൗരന്റെയോ പ്രവാസികളുടെയോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ലഭിക്കുന്ന പ്രത്യേക വിസയാണിത്. ഈ വിസയ്ക്കും ഒരു സ്‌പോണ്‍സറോ തൊഴിലുടമയോ വേണ്ടതില്ല.

താല്‍ക്കാലിക ജോലിക്കുള്ള വിസ

ഒരു പ്രത്യേക ജോലിക്കായോ പ്രോജക്റ്റ് അടിസ്ഥാനമാക്കിയുള്ള ജോലി പൂര്‍ത്തീകരിക്കുന്നതിനായോ അനുവദിക്കുന്ന വിസയാണിത്. ഈ വിസ ലഭിക്കണമെങ്കില്‍, ജോലിക്കായുള്ള ഒരു താല്‍ക്കാലിക കരാറോ, അല്ലെങ്കില്‍ സന്ദര്‍ശന ലക്ഷ്യവും ജോലി ചെയ്യാനാവശ്യമായ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന തൊഴിലുടമയുടെ ഒരു കത്തും ആവശ്യമാണ്.

പഠന-പരിശീലന-ഇന്റേണ്‍ഷിപ് വിസ

പഠനം, പരിശീലനം, ഇന്റേണ്‍ഷിപ് എന്നിവയ്ക്കായെത്തുന്നവര്‍ക്ക് നല്‍കുന്ന വിസയാണിത്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ലൈസന്‍സുള്ള സര്‍വ്വകലാശാലകള്‍ക്കോ മറ്റു വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ക്കോ ഈ വിസയ്ക്കായി സ്‌പോണ്‍സറാകാം.

TAGS :

Next Story