ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് 5000 ദിർഹം; തീരുമാനം പിൻവലിച്ച് യുഎഇ സെൻട്രൽ ബാങ്ക്
പ്രവാസികൾ അടക്കമുള്ളവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം

ദുബൈ: വ്യക്തിഗത ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലൻസ് വർധിപ്പിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവച്ച് യുഎഇ സെൻട്രൽ ബാങ്ക്. മിനിമം ബാലൻസ് 5000 ദിർഹമാക്കി വർധിപ്പിച്ച ചില ബാങ്കുകളുടെ തീരുമാനമാണ് മരവിപ്പിച്ചത്. പ്രവാസികൾ അടക്കമുള്ളവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം.
ജൂൺ ഒന്നു മുതൽ ചില ബാങ്കുകൾ മിനിമം ബാലൻസ് മുവ്വായിരം ദിർഹത്തിൽ നിന്ന് അയ്യായിരമാക്കി ഉയർത്താൻ തയാറെടുക്കുന്നതായി പ്രാദേശിക അറബ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് 25 ദിർഹമോ അതിലധികമോ ഈടാക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ക്രഡിറ്റ് കാർഡ്, വ്യക്തിഗത ലോൺ, ഓവർ ഡ്രാഫ്റ്റ് തുടങ്ങിയവ നിലവിലുണ്ടെങ്കിൽ പിഴയുണ്ടാകില്ല. വാർത്ത സമൂഹമാധ്യമങ്ങൾ അതിവേഗം പ്രചരിച്ച സാഹചര്യത്തിലാണ് സെൻട്രൽ ബാങ്കിന്റെ ഇടപെടൽ.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വർധന നിർത്തിവെക്കാനാണ് സെൻട്രൽ ബാങ്ക് നൽകിയിട്ടുള്ള നിർദേശം. നടപടി ഉപഭോക്താക്കളിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തുന്നതിനാണ് തീരുമാനം മരവിപ്പിച്ചത് എന്നാണ് സൂചന. പ്രവാസികൾ അടക്കമുള്ള ഇടത്തരം വരുമാനക്കാരായ ജീവനക്കാർക്ക് ആശ്വാസകരമാണ് സെൻട്രൽ ബാങ്കിന്റെ തീരുമാനം.
അക്കൗണ്ടുകളുടെ സ്വഭാവത്തിനനുസരിച്ച് വിവിധ ബാങ്കുകളിൽ പല തരത്തിലുള്ള മിനിമം ബാലൻസ് പരിധിയാണ് യുഎഇയിലുള്ളത്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ് മിനിമം ബാലൻസ് പരിധി. താരതമ്യേന മികച്ച ശമ്പളം ലഭിക്കുന്നവർക്കു പോലും അക്കൗണ്ടിൽ അയ്യായിരം ദിർഹം നിലനിർത്തുകയെന്നത് ദുഷ്‌കരമാണ്.
Adjust Story Font
16

