യുഎഇയിലെ വിവിധയിടങ്ങളിൽ അടുത്ത നാല് ദിവസം മഴയെത്തും; സാധ്യതാ മേഖലകളറിയാം...
രാത്രികാലങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബൈ: യുഎഇയിലെ വിവിധയിടങ്ങളിൽ അടുത്ത നാല് ദിവസം മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ നാളെ ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടും. രാത്രികാലങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുകയും ചില തീരദേശ, ഉൾ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുകയും ചെയ്യും. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ തെക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയും രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം. പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. രാത്രിയിൽ ഈർപ്പമുള്ള അന്തരീക്ഷമായിരിക്കാനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ചില സമയങ്ങളിൽ ഇത് ശക്തമായ പൊടിക്കാറ്റായി വീശിയടിക്കാനും സാധ്യതയുണ്ട്.
ചൊവ്വാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ കിഴക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും കാറ്റ് തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-കിഴക്കൻ ദിശയിലേക്ക് വീശുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും മഴയ്ക്ക് സാധ്യതയുണ്ട്. പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാറ്റിൽ പൊടിപടലങ്ങൾ ഉയർന്നേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.
Adjust Story Font
16

