സാഹസിക യാത്രികരുടെ പറുദീസയാകാൻ ഉമ്മുൽഖുവൈൻ, അർഖൂബ് പുതിയ കേന്ദ്രം തുറന്നു
പ്രത്യേക ക്യാമ്പിങ് സോണുകൾ, അനുബന്ധ സൗകര്യങ്ങൾ, പൊതു സേവനങ്ങളെല്ലാം സജ്ജമാക്കിയാണ് അർഖൂബ് എന്ന ഡെസ്റ്റിനേഷൻ സഞ്ചാരികളെ ആകർഷിക്കുന്നത്

ദുബൈ: യുഎഇയിലെ ഉമ്മുൽഖുവൈൻ ഇനി സാഹസിക യാത്രികരുടെ പറുദീസ. ക്യാമ്പിങിനും ഓഫ്റോഡ് യാത്രക്കുമായി അർഖൂബ് ഇവിടെ പുതിയ കേന്ദ്രം തുറന്നു. ഉമ്മുൽഖുവൈൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ നിർദേശപ്രകാരമാണ് പദ്ധതിക്ക് തുടക്കമായത്. എമിറേറ്റിന്റെ ശാന്തതയും സൗന്ദര്യവും പ്രദർശിപ്പിക്കുന്ന പ്രകൃതിസുന്ദര പശ്ചാത്തലത്തിൽ പൂർണ സേവനങ്ങളോടുകൂടി സുരക്ഷിതമായ സാഹസിക യാത്രകൾ ഇവിടെ സന്ദർശകർക്ക് ആസ്വദിക്കാം.
പ്രത്യേക ക്യാമ്പിങ് സോണുകൾ, അനുബന്ധ സൗകര്യങ്ങൾ, പൊതു സേവനങ്ങളെല്ലാം സജ്ജമാക്കിയാണ് അർഖൂബ് എന്ന ഡെസ്റ്റിനേഷൻ സഞ്ചാരികളെ ആകർഷിക്കുന്നത്. ഓഫ്റോഡ് വാഹനങ്ങൾക്കും സൈക്കിളുകൾക്കുമായി സമർപ്പിച്ച ട്രാക്കുകൾ, ക്യാമ്പിങ്, മരുഭൂ യാത്രകൾക്കായുള്ള പ്രദേശങ്ങൾ, കലാപരവും സാംസ്കാരികവുമായ കുടുംബ പ്രവർത്തനങ്ങൾക്കായുള്ള ഇടങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി വിനോദ അനുഭവങ്ങളാണ് അർഖൂബ് വാഗ്ദാനം ചെയ്യുന്നത്.
മോട്ടോർസ്പോർട്സ് പ്രേമികൾക്ക് പ്രിയപ്പെട്ട ഇടമായി മാറുകയാണ് ഉമ്മുൽഖുവൈൻ. മത്സര ഇനങ്ങൾക്കും സുരക്ഷിതമായ ഡ്രൈവിങ് ചലഞ്ചുകൾക്കുമായി ഇവിടെ പ്രത്യേകം മേഖലകളുണ്ട്. നിലവിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത അർഖൂബ്, പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും സന്ദർശകർക്ക് മെച്ചപ്പെട്ട അനുഭവം സമ്മാനിക്കുന്നതിനുമായി ഘട്ടം ഘട്ടമായുള്ള വികസനത്തിന് ഒരുങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു.
സൗകര്യങ്ങൾ നവീകരിക്കുന്നതിനും പുതിയ സാധ്യതകൾ അവതരിപ്പിക്കുന്നതിനുമായി നിരവധി പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. വിവിധതരം സന്ദർശകരെ ആകർഷിക്കുന്നതിനായി ചെറുകിട സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്. സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിക്ഷേപ പദ്ധതികളും അധികൃതർ ആസൂത്രണം ചെയ്യുന്നു. സാഹസികത, പൈതൃകം, എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥാനം എന്നീ അനുകൂല കാരണങ്ങളാൽ മോട്ടോർസ്പോർട്സിനും ഔട്ട്ഡോറിനും താത്പര്യമുള്ളവർക്ക് ഏറ്റവും മികച്ച ഓപ്ഷനായി മാറുകയാണ് അർഖൂബ്.
Adjust Story Font
16

