ആൽ മക്തൂം എയർപോർട്ടിന് അകത്തെ യാത്രയ്ക്കായി ഭൂഗർഭ ട്രയിനുകൾ
36,000 ഏക്കറുള്ള വിമാനത്താവളത്തിന്റെ എല്ലാ ഭാഗത്തേക്കും പതിനഞ്ച് - ഇരുപത് മിനിറ്റു കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് ഭൂഗർഭ പാത

ദുബൈ:യുഎഇയിലെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ ആൽ മക്തൂം എയർപോർട് പ്രോജക്ടിൽ ഭൂഗർഭ ട്രയിനുകളും. യാത്രക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്സാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
36,000 ഏക്കർ പടർന്നു കിടക്കുന്ന വിമാനത്താവളത്തിന്റെ എല്ലാ ഭാഗത്തേക്കും പതിനഞ്ച് - ഇരുപത് മിനിറ്റു കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് ഭൂഗർഭ പാത നിർമിക്കുന്നത്. ഇരുന്ന് സഞ്ചരിക്കാവുന്ന അത്യന്താധുനിക ട്രയിനുകളാകും സർവീസ് നടത്തുക. മണിക്കൂറുകൾ യാത്ര ചെയ്‌തെത്തുന്ന ആളുകൾക്ക് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുക പ്രധാനമാണ് എന്ന് പോൾ ഗ്രിഫിത്സ് പറഞ്ഞു.
വിമാനങ്ങൾ കാണാൻ കഴിയുന്ന തരത്തിലുള്ള ചില്ലു മേലാപ്പിട്ട ലോഞ്ചുകളാണ് പുതിയ വിമാനത്താവളത്തിൽ വിഭാവനം ചെയ്യുന്നത്. വിമാനത്തെ കുറിച്ചുള്ള വിവരങ്ങൾ ഗ്ലാസിൽ പ്രദർശിപ്പിക്കും. എത്ര അകലെയാണ് ഇപ്പോൾ വിമാനമുള്ളത് എന്നതടക്കമുള്ള കൃത്യമായ വിവരങ്ങൾ യാത്രക്കാർക്ക് നൽകാനാണ് ആലോചനയെന്നും എയർപോർട്ട് സിഇഒ കൂട്ടിച്ചേർത്തു.
കൂറ്റൻ വിമാനത്താവളത്തിനുള്ളിൽ എട്ട് ചെറിയ എയർപോർട്ടുകൾ നിർമിക്കാനാണ് തീരുമാനം. ടാക്‌സിയിൽ നിന്ന് നേരെ ഇറങ്ങി, ട്രയിൻ പിടിച്ച് ലക്ഷ്യസ്ഥാനത്തെത്തി മിനിറ്റുകൾക്കുള്ളിൽ ചെക്ക് ഇൻ ചെയ്യാനാകുന്ന സൗകര്യമാണ് ആലോചിക്കുന്നത്. ലഗേജുകളിൽ പേപ്പർ ടാഗുകൾ ഒഴിവാക്കി തിരിച്ചറിയൽ ബാർകോഡ് സംവിധാനവും ഏർപ്പെടുത്തും.
നിർമാണം പൂർത്തിയാകുന്നതോടെ 26 കോടി യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണ് ആൽ മക്തൂം വിമാനത്താവളത്തിലുണ്ടാകുക. 2033 ൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെല്ലാം പത്തു വർഷത്തിനുള്ളിൽ ഇവിടേക്ക് മാറ്റുകയും ചെയ്യും.
Adjust Story Font
16

