യുഎഇയില്‍ തൊഴിൽരഹിത വേതനം ജനുവരി ഒന്നുമുതൽ പ്രാബല്യത്തില്‍ വരും
ജീവനക്കാരുടെ അംശാദായം കൂടി ഉൾപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയാണിത്

യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി പുതുവർഷദിനമായ മറ്റന്നാൾ മുതൽ പ്രാബല്യത്തിൽ. ജീവനക്കാർക്ക് ക്ഷേമം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎ.ഇ നിയമം കൊണ്ടുവന്നത്. ജോലി നഷ്ടപ്പെട്ടാൽ മൂന്നു മാസം വരെ ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ജീവനക്കാരുടെ അംശാദായം കൂടി ഉൾപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയാണിത്. ജീവനക്കാർക്ക് മാസം 5 ദിർഹം പ്രീമിയം അടച്ച് പദ്ധതിയുടെ ഭാഗമാകാം. പൊതു, സ്വകാര്യ മേഖലയിലെ സ്വദേശികൾക്കും വിദേശികൾക്കും പദ്ധതിയുടെ ഭാഗമാകാം. രണ്ടു വിധത്തിലാണ് ഇൻഷുറൻസ് പദ്ധതി. 16,000 ദിർഹത്തിനു മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസം പത്തോ വർഷത്തിൽ 120 ദിർഹമോ നൽകി പദ്ധതിയിൽ ചേരാം. മൂന്നു മാസം കൂടുമ്പോൾ ഒരുമിച്ച് പ്രീമിയം അടക്കാനും സൗകര്യമുണ്ട്. ഇൻഷുറൻസ് തുക ജീവനക്കാർ തന്നെയാണ് നൽകേണ്ടത്.പതിനാറായിരം ദിർഹത്തിനു ചുവടെ ശമ്പളമുള്ളവർക്ക് പ്രതിമാസം പതിനായിരം ദിർഹമാണ് ഇൻഷുറൻസായി ലഭിക്കുക. പതിനാറായിരത്തിനു മുകളിലുള്ളവർക്ക് പരമാവധി ഇതുപതിനായിരം ദിർഹം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ഇൻഷുറൻസായി ഗണിക്കുക. മൂന്നു മാസം വരെ മാത്രമേ ഇൻഷുറൻസ് ആനുകൂല്യം കിട്ടൂ. അതിനു മുമ്പെ പുതിയ ജോലി ലഭിച്ചാലും തുക ലഭിക്കില്ല. ജോലി നഷ്ടപ്പെട്ട് ഒരു മാസത്തിനുള്ളിൽ ക്ലെയിമിനായി അപേക്ഷിക്കണം.
Adjust Story Font
16

